Thodupuzha

അനിയന്ത്രിതമായി ക്വാറി: ജനകീയ ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ് 14 ന് 

കരിമണ്ണൂര്‍: കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ പ്രതിഷേധ സദസ് 14 ന് ഉച്ചകഴിഞ്ഞ് 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പര്‍ ലിയോ കുന്നപ്പിള്ളില്‍ എന്നിവര്‍  അറിയിച്ചു. കരിമണ്ണൂര്‍ പഞ്ചായത്ത് കഴിഞ്ഞ ഓഗസ്റ്റ് 30 ന് ക്വാറി വിഷയത്തില്‍ സംസ്ഥാനത്ത് അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ദ്ധയായ ഡോ. കെ.ജി. താരയെ നിയോഗിച്ച് പഠനം നടത്താനും ശേഷം അതിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കുവാനും ഐക്യകണ്ഡേന തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പഠന റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ നവംബര്‍ 30 ന് വീണ്ടും കമ്മിറ്റി കൂടി പഞ്ചായത്ത് അനുമതി നല്‍കിയതില്‍ സംശയം ജനങ്ങള്‍ക്ക് ഉളവാകുന്നു. പഠനറിപ്പോര്‍ട്ട് പുറത്ത് വരികയും പഞ്ചായത്തില്‍ നിന്നും ലഭ്യമായത് അനുസരിച്ച് ഈ റിപ്പോര്‍ട്ടില്‍ വലിയ പാരിസ്ഥിതീകാഘാതവും കുടിവെള്ള ക്ഷാമവുമാണ് കരിമണ്ണൂര്‍ മേഖലയില്‍ സംഭവിക്കാനായി ചൂണ്ടിക്കാട്ടപ്പെടുന്നത്. നൂറുവര്‍ഷങ്ങളായി തോട്ടഭൂമിയായ സ്ഥലത്ത് 16 അടി മണ്ണ് പരിപൂര്‍ണമായി മാറ്റി അവാന്തര ഘനനം നടത്താന്‍ അനുമതി കൊടുത്ത മുളപ്പുറം പാറമടയും 19 ലക്ഷം മെട്രിക് ടണ്‍ 13 വര്‍ഷത്തേയ്ക്ക് 95 മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തുന്നതിന് അനുമതിയുടെ അന്തിമഘട്ടത്തില്‍ നില്‍ക്കുന്ന ചേറാടി പാറമടയും തുറന്നു കഴിഞ്ഞാല്‍ കരിമണ്ണൂരില്‍ നിന്ന് ജനം പാലായനം ചെയ്യേണ്ടിവരും. ക്വാറി മാഫിയ എതിര്‍ നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും അനുമതി പത്രങ്ങളെ കാറ്റില്‍ പറത്തി ബഞ്ച്മാര്‍ക്ക് വിട്ട് ഖനനം ചെയ്യുന്നതും നിത്യസംഭവമാണ്. അന്തരീക്ഷ മലിനീകരണവും, പുഴ, തോട്, കുടിവെള്ള ശ്രോതസുകളുടെ മലിനീകരണവും വഴി ആളുകളെ രോഗാതുരമാക്കുന്ന ഭീമന്‍ ക്വാറികള്‍ക്കെതിരെ സന്ധിയില്ലാ സമരം ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ക്വാറി വിരുദ്ധ സമിതി നാളെ വൈകുന്നേരം 3.30ന് കരിമണ്ണൂരില്‍ നടത്തുന്ന പ്രതിഷേധ സദസ് പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സാമൂഹിക പ്രവര്‍ത്തകന്‍ ഇ.പി. അനില്‍ മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button
error: Content is protected !!