IdukkiLocal LiveThodupuzha

ജലലഭ്യത ഉറപ്പുവരുത്താന്‍ മഴവെള്ളത്തെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : ജലലഭ്യത ഉറപ്പുവരുത്താന്‍ മഴവെള്ളത്തെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മഴവെള്ളത്തെ ശാസ്ത്രീയമായി പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ ജലത്തിന്റെ ആവശ്യകതകള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കുമാരമംഗലം പൈങ്ങോട്ടൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കാളിയാര്‍ പുഴയ്ക്ക് കുറുകെ പയ്യാവ് ഭാഗത്ത് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നത്ര മഴവെള്ളം എല്ലാവര്‍ഷവും ലഭിക്കുന്നുണ്ടെങ്കിലും അവ കനാലുകളിലൂടെയും തോടുകളിലൂടെയും ഒക്കെ ഒഴുകി കായലിലും കടലിലും പതിച്ച് നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ശാസ്ത്രീയമായി ജലത്തെ ഉപയോഗിക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം.

കഴിയുന്നത്ര ജലസ്രോതസ്സുകളെ ശാസ്ത്രീയമായും പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തി കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് കനാലുകള്‍ വഴി നെല്‍പ്പാടങ്ങള്‍ക്ക് പുറമേ നാണ്യവിളകള്‍ക്കും കൂടി ജലലഭ്യത ഉറപ്പുവരുത്താന്‍ മൈക്രോ ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചത്. ചെക്ക് ഡാമുകളും ഈ അര്‍ത്ഥത്തില്‍ വളരെയധികം പ്രയോജനം ചെയ്യും. കാളിയാര്‍ പുഴയിലെ ഈ ചെക്ക് ഡാമിന്റെയും അനുബന്ധ പാലത്തിന്റെയും നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശത്തെ ശുദ്ധജല വിതരണവും യാത്രാ സൗകര്യവും മെച്ചപ്പെടും. കൂടാതെ 260 ഹെക്ടര്‍ കൃഷിഭൂമിക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പിജെ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ഇടുക്കി ജില്ലയിലെ കുമാരമംഗലം പഞ്ചായത്തിലെ പയ്യാവ് ഭാഗത്തെയും എറണാകുളം ജില്ലയില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കെപുന്നമറ്റം ഭാഗത്തെയും ബന്ധിപ്പിച്ചുകൊണ്ട് കാളിയാര്‍ പുഴയ്ക്ക് കുറുകെയാണ് ചെക്ക്ഡാമും പാലവും നിര്‍മ്മിക്കുന്നത്. ഇതിനായി നബാര്‍ഡ് മുഖാന്തിരം 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുമാരമംഗലം, പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര കാര്‍ഷികാഭിവൃദ്ധി, ശുദ്ധജലസ്രോതസ്സായ കാളിയാര്‍ പുഴയുടെ ജലസംരക്ഷണം, ഭൂജല പരിപോഷണം, പ്രദേശത്തിന്റെ സമഗ്രവികസനത്തിന് ഗതാഗത സൗകര്യം എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കാളിയാര്‍ പുഴയിലെ പ്രളയ കാലത്തെ ഉയര്‍ന്ന ജലവിതാനവും ഉയര്‍ന്ന പ്രളയ നീരൊഴുക്കും പരിഗണിച്ചുകൊണ്ട് നിര്‍ദ്ദിഷ്ട ഭാഗത്ത് 67.5 മീറ്റര്‍ നീളത്തില്‍ 1.5 ഉയരത്തിലുള്ള കോണ്‍ക്രീറ്റ് തടയണയാണ് ഐഡിആര്‍ബി രൂപ കല്‍പ്പന ചെയ്തിട്ടുള്ളത്. ഈ തടയണയ്ക്ക് 1.2 മീറ്റര്‍ വീതിയുള്ള 6 എഫ്ആര്‍പി ഷട്ടര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഡാമിന്റെ മുകള്‍ ഭാഗത്തും താഴ്ഭാഗത്തുമായി ഇരുകരകളിലും തീരമിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരിങ്കല്‍ സംരക്ഷണഭിത്തി നിര്‍മ്മാണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെക്ക് ഡാമിന്റെ മുകള്‍ ഭാഗത്ത് 160 മീറ്റര്‍ നീളത്തിലും താഴ് ഭാഗത്ത് 100 മീറ്റര്‍ നീളത്തിലുമാണ് ഇരുകരകളിലും സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്.ഉയര്‍ന്ന ജലവിതാനവും ഉയര്‍ന്ന നീരൊഴുക്കും പരിഗണിച്ചാണ് പാലവും രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.പാലത്തിന് 6 സ്പാനുകളിലായി 67.5 മീറ്റര്‍ നീളവും 4.75 മീറ്റര്‍ വീതിയുമാണ് ഉള്ളത്. പാലത്തിന്റെ അനുബന്ധമായുള്ള അപ്രോച്ച് റോഡുകള്‍ കോണ്‍ക്രീറ്റ് എം50 ഗ്രേഡ് ടൈലുകൊണ്ട് ഇടതുകരയില്‍ 171.30 മീറ്റര്‍ നീളത്തിലും വലതു കരയില്‍ 240 മീറ്റര്‍ നീളത്തിലും നിര്‍മ്മിക്കുവാനാണ് പദ്ധതി. അപ്രോച്ച് റോഡിന്റെ ഉയരം കൂടിയ പാര്‍ശ്വഭാഗങ്ങളില്‍ ഗാബിയോണ്‍ സംരക്ഷണഭിത്തിയാണ് നിര്‍മ്മിക്കുന്നത്.

കോട്ടയം ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോയ് ജനാര്‍ദ്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതുമോള്‍ ഫ്രാന്‍സിസ്, ജനപ്രതിനിധികളായ ഹരീഷ് രാജപ്പന്‍, ശരത് ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജിമ്മി മറ്റത്തിപ്പാറ, കെ.എന്‍ റോയ് ഇറിഗേഷന്‍ സൗത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഡി സുനില്‍ രാജ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുമേഷ് കുമാര്‍ .പി. എന്നിവര്‍ പ്രസംഗിച്ചു.

 

 

 

 

Related Articles

Back to top button
error: Content is protected !!