ChuttuvattomThodupuzha

ഒരു നാടിനാകെ ആശ്വാസം ; പാറക്കടവ് ഡംബിംഗ് യാര്‍ഡിലെ മാലിന്യം നീക്കാന്‍ തുടങ്ങി

തൊടുപുഴ : ഒരു നാടിനു തന്നെ ബാധ്യതയായി, 40 വര്‍ഷംകൊണ്ട് കുമിഞ്ഞ് കൂടിയ മാലിന്യം നീക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ച് തൊടുപുഴ നഗരസഭ. കോലാനി പാറക്കടവ് ഡംബിംഗ് യാര്‍ഡിലെ ഒന്നരയേക്കറിലെ 26,683 ക്യുബിക് മീറ്റര്‍ മാലിന്യമാണു ശാസ്ത്രീയമായി നീക്കം ചെയ്യുന്നത്. തൊടുപുഴ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായത്. തൊടുപുഴ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കഴിഞ്ഞ നാലു പതിറ്റാണ്ടത്തെ മാലിന്യങ്ങളാണ് പാറക്കടവിലേത്. മുന്‍ വര്‍ഷങ്ങളില്‍ വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും നഗരസഭ മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നു.

മാലിന്യങ്ങള്‍ പാറക്കടവിലെ ഒന്നരയേക്കര്‍ സ്ഥലത്താണു നിക്ഷേപിച്ചിരുന്നത്. വര്‍ഷങ്ങള്‍കൊണ്ട് മാലിന്യങ്ങള്‍ ഒരു മല ആയി തന്നെ മാറിയെന്ന് പറയാം. മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യമുന്നയിച്ച് പലതവണ പ്രദേശവാസികള്‍ സമരം ഉള്‍പ്പെടെ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. എന്നാല്‍ നിലവിലെ മുനിസിപ്പല്‍ ഭരണസമിതി ഇവിടുത്തെ മാലിന്യം നീക്കം ചെയ്യാന്‍ 2.83 കോടി രൂപയാണു വകയിരുത്തിയത്. മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

സ്വച്ഛ് ഭാരത് മിഷന്‍ നഗരം രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യങ്ങള്‍ ശാസ്ത്രീയമായി നീക്കം ചെയ്യാന്‍ ഇവ തരം തിരിക്കുന്ന ജോലികളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക. ആധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ മണ്ണ്, കല്ല്, പ്ലാസ്റ്റിക്, റബ്ബര്‍, ചില്ല് എന്നിങ്ങനെ വേര്‍തിരിച്ചെടുക്കുന്ന മാലിന്യം പുനരുപയോഗത്തിനായി മാറ്റും. ഏകദേശം 26683 ക്യുബിക് മീറ്റര്‍ മാലിന്യമാണ് ഇത്തരത്തില്‍ നീക്കം ചെയ്യുക. ആറു മാസംകൊണ്ട് ഭൂമി പഴയ രീതിയില്‍ വീണ്ടെടുക്കുക യാണ് അധികൃതരുടെ ലക്ഷ്യം. ഇതിനായി 2.83 കോടി രൂപയാണു പദ്ധതി തുകയായി വകയിരുത്തിയത്. കോഴിക്കോട് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് കരാര്‍ ഏജന്‍സി. മാലിന്യം നീക്കുക എന്ന 40 വര്‍ഷമായുള്ള ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികളും.

Related Articles

Back to top button
error: Content is protected !!