ChuttuvattomThodupuzha

വെള്ളിയാമറ്റത്തെ സദ്ഭാവനാമണ്ഡപം: അപേക്ഷ നിരസിച്ച കൃഷി വകുപ്പ് സംസ്ഥാനതല സമിതി തീരുമാനം ഹൈക്കോടതി റദ്ദാക്കി

വെള്ളിയാമറ്റം:വെള്ളിയാമറ്റത്തെ സദ്ഭാവനാമണ്ഡപം അപേക്ഷ നിരസിച്ച കൃഷി വകുപ്പ് സംസ്ഥാനതല സമിതി തീരുമാനം ഹൈക്കോടതി റദ്ദാക്കി.സദ്ഭാവനാമണ്ഡപം നിര്‍മാണ ജോലികള്‍ തടഞ്ഞു കൊണ്ട് കൃഷി വകുപ്പ് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് വെള്ളിയാമറ്റം പഞ്ചായത്ത് നല്‍കിയ അപേക്ഷ നിരസിച്ച കൃഷി വകുപ്പിന്റെ സംസ്ഥാനതല സമിതി തീരുമാനം ഹൈക്കോടതി റദ്ദാക്കി. തീരുമാനം പുന പരിശോധിക്കാനും ഉത്തരവ്.സദ്ഭാവന മണ്ഡപം നിര്‍മാണ ജോലികള്‍ തുടരുന്നതിന് അനുമതി തേടിയുള്ള വെള്ളിയാമറ്റം പഞ്ചായത്തിന്റെ അപേക്ഷ കൃഷി വകുപ്പ് പ്രൊഡക്ഷന്‍ കമ്മിഷണര്‍, ലാന്‍ഡ് റവന്യു കമ്മിഷണര്‍, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതിയുടെ തീരുമാനത്തിന്റ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് പണിതുടരാന്‍ കഴിയില്ലെന്നു കാട്ടി വെള്ളിയാമറ്റം പഞ്ചാത്തു പ്രസിഡന്റിന് കത്തയച്ചത്. സദ്ഭാവനാ മണ്ഡപം പണിയുന്ന വെള്ളിയാമറ്റം വില്ലേജിലെ സര്‍വ്വേനമ്പര്‍-229/8ല്‍പ്പെട്ട സ്ഥലം മുന്‍പ് വയല്‍ ആയിരുന്നെന്നും ഇത് മണ്ണിട്ടു നികത്തിയതാണെന്നും അതിനാല്‍ 2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമത്തിന്റ ലംഘനമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിജ സ്ഥിതിസംബന്ധിച്ച് ജില്ലാകലക്ടറോടോ ആര്‍.ഡി.ഒയോയുടെയോ റിപ്പോര്‍ട്ട് തേടാതെയാണ് ഇത്തരത്തിലൊരു തീരുമാനം സംസ്ഥാന തല സമിതി യോഗം എടുത്തതെന്നും ഇത് പുനപ്പരിശോധിക്കാന്‍ തയ്യാറാകണമെന്നും വെള്ളിയാമറ്റംപഞ്ചായത്ത് പ്രസിഡന്റ് ഇന്ദുബിജു ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഹൈ കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണിപ്പോള്‍ കോടതി ഉത്തരവ് ഉണ്ടായത് .കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന തല സമിതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നപ്രതീക്ഷ യാണ് പഞ്ചായത്തിനുള്ളത്. പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രമം പദ്ധതിയില്‍പ്പെടുത്തിയാണ് വെള്ളിയാമറ്റത്ത് സദ്ഭാവനാമണ്ഡപം പണിയുന്നത്.
പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയുടെ ഭാഗമായാണ് സദ്ഭാവനമണ്ഡപം വെള്ളിയാമറ്റത്ത് അനുവദിച്ചത് .ഒരുകോടി നാല്‍പ്പതു ലക്ഷം രൂപയാണ് ഇതിനായി നല്‍കിയത്. ജില്ലാകലക്ടര്‍, ആര്‍.ഡി.ഒ.,ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവരടങ്ങിയ കമ്മറ്റിക്കായിരുന്നു പദ്ധതി നടത്തിപ്പു ചുമതല ഇളംദേശം ബ്ലോക്കാണ് നിര്‍വഹണ ഏജന്‍സി .പദ്ധതിക്കുള്ള സ്ഥലം വിട്ടു നല്‍കിയത് വെള്ളിയാമറ്റം പഞ്ചായത്താണ്.സദ്ഭാവനാമണ്ഡപത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, സമ്മേളനഹാള്‍, ഓഫിസ് സൗകര്യം, അടുക്കള എന്നിവ ഉണ്ടാകും. ന്യൂനപക്ഷങ്ങളുടെ കായിക വികസനം, വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കാന്‍ സൗകര്യം ഒരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.കൃഷി വകുപ്പു നിര്‍മ്മാണം തടഞ്ഞതോടെ കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.ഇത് പുനരാരംഭിക്കണമെങ്കില്‍ സംസ്ഥാന സമിതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകണം. ഇല്ലെങ്കില്‍ ഇതുവരെ മുടക്കിയ തുക പാഴാകും.

 

 

 

 

 

 

 

 

Related Articles

Back to top button
error: Content is protected !!