ChuttuvattomThodupuzha

കര്‍ഷകര്‍ക്ക് തിരിച്ചടി; കൊക്കോയ്ക്ക് അഴുകല്‍രോഗം വ്യാപകം

തൊടുപുഴ: മഴ ശക്തമാകുന്നതിനു മുമ്പേ കൊക്കോകായ്കള്‍ക്ക് അഴുകല്‍ രോഗം വ്യാപകമാകുന്നു. കിലോഗ്രാമിന് ആയിരത്തോളം രൂപ വരെയെത്തിയ കൊക്കോയുടെ വില ഇടിഞ്ഞതിനു പുറമെ അഴുകല്‍ രോഗം വ്യാപിക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുകയാണ്. റേക്കോര്‍ഡ് വിലയില്‍ ഇടിവ് സംഭവിച്ചെങ്കിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോഴും കൊക്കോയ്ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉത്പാദനക്കുറവാണ് കര്‍ഷകരെ ഇപ്പോള്‍ അലട്ടുന്നത്. ഇതിനിടെയാണ് കായ്കള്‍ക്ക് അഴുകല്‍ പിടിപെടുന്നത്. മേയ് ആദ്യം മുതല്‍ ആരംഭിച്ച മഴ തോരാതിരുന്നത് കൊക്കോ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.

സാധാരണ വേനല്‍ മഴയ്ക്ക് ശേഷം കൊക്കോയ്ക്ക് അനുകൂലമായ കാലാവസ്ഥ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ പ്രതികൂല കാലാവസ്ഥ ഉത്പാദനക്കുറവിനു കാരണമായി. പല കര്‍ഷകര്‍ക്കും മഴയെത്തുന്നതിനു മുമ്പേ കൊക്കോയ്ക്ക് മരുന്നടിക്കുന്നതിനും മറ്റു പരിപാലനത്തിനും സാവകാശം ലഭിച്ചില്ല. ഇത് കായ്കള്‍ വലിയ തോതില്‍ അഴുകുന്നതിന് ഇടവരുത്തി. ഉണങ്ങിയ പരിപ്പിന് 500 രൂപയും പച്ചപ്പരിപ്പിന് 140 രൂപയുമാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. ഉണങ്ങിയ പരിപ്പിന് വില ഇത്തവണ ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നപ്പോള്‍ ഉത്പാദനം കുറവായിരുന്നു. ഇതിന് പിന്നാലെയാണ് കൊക്കോ കായ്കള്‍ക്ക് അഴുകല്‍ രോഗം ബാധിച്ചിരിക്കുന്നത്. മഴ കനക്കുന്നതോടെ കായ്കള്‍ക്ക് കൂടുതലായി ചീയല്‍ ബാധിച്ച് ഉത്പ്പാദനത്തില്‍ വന്‍ ഇടിവു സംഭവിക്കുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.

 

Related Articles

Back to top button
error: Content is protected !!