Local LiveMuttom

മുട്ടം കോടതി പാലത്തിന് വീതികൂട്ടാന്‍ നടപടിയായി ; 20 ലക്ഷം രൂപ അനുവദിച്ച് ജില്ലാ പഞ്ചായത്ത്

മുട്ടം :  നിത്യേന നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്ന് പോകുന്ന മുട്ടം കോടതിക്ക് സമീപത്തെ പാലത്തിന് വീതി കൂട്ടാന്‍ നടപടിയായി.  നിര്‍മാണത്തിനായി 20 ലക്ഷം രൂപയാണ് ഇത്തവണ ജില്ലാ പഞ്ചായത്തിന്റെ ജനറല്‍ ഫണ്ടില്‍  നിന്നും അനുവദിച്ചിട്ടുള്ളത്.  മുന്‍ സാമ്പത്തിക വര്‍ഷം 15 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പാലത്തിന് വീതി കൂട്ടാനായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ മെയിന്റനന്‍സ് ഗ്രാന്റില്‍ നിന്നുമാണ് അന്ന് ഫണ്ട് അനുവദിച്ചിരുന്നത്.  എന്നാല്‍ മെയിന്റനന്‍സ് തുക പാലത്തിന് വീതി കൂട്ടാന്‍ ഉപയോഗിക്കാനാവില്ല എന്ന നിബന്ധനയില്‍ അന്ന് നിര്‍മ്മാണം നടത്താനായില്ല. അതിനാലാണ് ഇത്തവണ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വകയിരുത്തിയത്.

പാലത്തിന് വീതി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് ജില്ലാ ജഡ്ജി ശശികുമാര്‍ ജനപ്രതിനിധികളെ കോടതിയില്‍ വിളിച്ചു വരുത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി സുനിത, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഷൈജ ജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ ബിജു, വാര്‍ഡ് മെമ്പര്‍ ഡോളി രാജു എന്നിവരെയാണ് വിളിച്ചു വരുത്തിയത്. പാലത്തിന് വീതി വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പാലം വീതി കൂട്ടാന്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങളും ആയിരക്കണക്കിനാളുകളും ദിനംപ്രതി സഞ്ചരിക്കുന്ന കോടതി റൂട്ടിലെ പാലത്തിന് വേണ്ടത്ര വീതിയില്ല എന്നത് നാളുകളായുള്ള പരാതിയാണ്. പാലത്തിന്റെ കൈവരികള്‍ ഉള്‍പ്പടെ ദ്രവിച്ച് അപകടാവസ്ഥയിലാണ്. പതിനാലോളം കോടതികള്‍ ഉള്‍പ്പെടുന്ന ജില്ലാ കോടതി സമുച്ഛയം, ജില്ലാ ജയില്‍, ജില്ലാ ഹോമിയോ ആശുപത്രി, പോളിടെക്‌നിക്, ഐഎച്ച്ആര്‍ഡി സ്‌കൂള്‍, കോളജ്, വ്യവസായ കേന്ദ്രം എന്നിവിടങ്ങളിലേക്കെല്ലാം എത്താനുള്ള ഏക പാതയാണിത്. എന്നാല്‍ ഒരേ സമയം ഒന്നിലധികം വാഹനങ്ങള്‍ കോടതി പാലം വഴി കടന്നു പോകാന്‍ ബുദ്ധിമുട്ടാണ്.

 

Related Articles

Back to top button
error: Content is protected !!