ChuttuvattomThodupuzha

നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നലെ വൈകിട്ടുണ്ടായ വേനല്‍മഴയില്‍ കനത്ത നാശം

തൊടുപുഴ : നഗരത്തിലും പരിസര പഞ്ചായത്തുകളിലും ഇന്നലെ വൈകിട്ടുണ്ടായ വേനല്‍മഴയില്‍ കനത്ത നാശം. വൈകിട്ട് 5 ഓടെ ശക്തമായ കാറ്റോടെയാണ് മഴ എത്തിയത്. കിഴക്കന്‍ മേഖലയില്‍ നിന്ന് ആഞ്ഞ് വീശിയ കാറ്റ് ഏതാണ്ട് അരമണിക്കൂറോളം തുടര്‍ന്നു. 10ല്‍ അധികം സ്ഥലങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി. നിരവധിയിടങ്ങളിലാണ് മരങ്ങള്‍ കടുപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞ് വീണും നാശമുണ്ടായത്. നിരവധി പേരുടെ വാഴ, കപ്പ പോലുള്ള കൃഷികളും കാറ്റില്‍ നശിച്ചിട്ടുണ്ട്. നടയത്തിന് സമീപം മരം വീണ് കാറിന് തകരാറുണ്ടായി. പത്മാലയം കൃഷ്ണകുമാറിന്റെ കാറിന് മുകളിലേക്ക് സമീപവാസിയുടെ മരം വീഴുകയായിരുന്നു.

വെങ്ങല്ലൂര്‍ ബൈപ്പാസ്, തൊണ്ടിക്കുഴ, കാരിക്കോട്, കുമ്പംകല്ല്, ഇടവെട്ടി, വഴിത്തല എന്നിവിടങ്ങളില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. കല്ലൂര്‍ക്കാട് നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയിരുന്നു. വെങ്ങല്ലൂര്‍ ബൈപ്പാസില്‍ മരം വീണതിനെ തുടര്‍ന്ന് അരമണിക്കൂറോളം ഗതഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുമുണ്ടായി. മരച്ചിലകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീണത് പലയിടത്തും ഗതാഗത തടസമുണ്ടാക്കി.

തൊണ്ടിക്കുഴ- നടയം റോഡില്‍ മരവെട്ടിച്ചുവടിന് സമീപം റബര്‍മരം കടപുഴകി വീണ് വൈദ്യുതി പോസ്റ്റൊടിഞ്ഞു. ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം മുടങ്ങി. പ്രദേശവാസികള്‍ ഏറെ പണിപ്പെട്ടാണ് മരം മുറിച്ച് നീക്കിയത്. റോഡില്‍ വൈദ്യുതി ലൈനുകള്‍ കിടക്കുന്നത് വാഹനയാത്രികര്‍ക്ക് തടസമാണ്. 10ല്‍ അധികം മരങ്ങളാണ് തൊണ്ടിക്കുഴ മേഖലയില്‍ മാത്രം ഒടിഞ്ഞുവീണത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൊടുപുഴയില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. ഇന്നലെ പകല്‍ 42 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട് കൂടി നില്‍ക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.

വരും ദിവസങ്ങളിലും വേനല്‍മഴ നാശം വിതയ്ക്കാന്‍ ഇടയുണ്ട്. കഴിഞ്ഞവാരം പെയ്ത മഴയിലും വിവിധയിടങ്ങളില്‍ നാശമുണ്ടായിരുന്നു.
ശക്തമായ കാറ്റിലും മഴയിലും ഇടവെട്ടി പഞ്ചായത്തിലെ ശാസ്താംപാറയില്‍ വീടിന് മുകളിലേക്ക് മരം വീണിരുന്നു. മാര്‍ത്തോമ്മ,നടയം പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീണ് ഇലക്ട്രിക് ലൈനുകള്‍ തകരാറിലായി ഗതാഗതതടസ്സവുമുണ്ടായി.

 

Related Articles

Back to top button
error: Content is protected !!