Uncategorized

അഞ്ച് പേര്‍ക്ക് പുതുജീവനേകി സുനില്‍ കുമാര്‍ വിട പറഞ്ഞു

തൊടുപുഴ : ഗുരുതര രോഗത്താല്‍ മരണത്തോട് മല്ലടിക്കുമ്പോഴും സുനില്‍ കുമാറിന്റെ മനസില്‍ താന്‍ മരണത്തിന് കീഴടങ്ങിയാലും തന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കണം എന്ന ആഗ്രഹമായിരുന്നു. കരിങ്കുന്നം അരീക്കല്‍ സുനില്‍ കുമാര്‍ (45) അവയവ ദാനത്തിലൂടെ മരണത്തെയും തോല്‍പ്പിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനിലിന്റെ തലയ്ക്കകത്ത് മുഴ കണ്ടെത്തിയത്. ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴിഞ്ഞ ഏഴിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ സുനില്‍കുമാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആര്‍ഷ വിദ്യാസമാജം തിരുവനന്തപുരം യൂണിറ്റ് ആചാര്യന്‍ കെ.ആര്‍. മനോജും സംഘവും മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കി. സുനില്‍ കുമാര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ചപ്പോഴാണ് ഫിക്‌സിന്റെ രൂപത്തില്‍ വീണ്ടും ആരോഗ്യ നില വഷളായത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിലിന് ഫിക്‌സും, ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുനില്‍ കുമാറിന് ശനിയാഴ്ച മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം അവയവം ദാനം ചെയ്യണമെന്ന ആഗ്രഹപ്രകാരം അധികൃതരുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ അനുമതി വാങ്ങി. എറണാകുളത്തെ പ്രമുഖ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘമെത്തി ഇന്നലെ വൈകിട്ടോടെ സുനില്‍ കുമാറിന്റെ ശരീരത്തില്‍ നിന്നും പ്രധാനപ്പെട്ട അവയവയങ്ങള്‍ നീക്കം ചെയ്ത് അവ സുരക്ഷിതമാക്കി. കണ്ണ്, കരള്‍, കിഡ്‌നി എന്നിവയാണ് സുനില്‍ കുമാറിന്റെ ശരീരത്തില്‍ നിന്നുമെടുത്തത്. ഇവ ഇനി അര്‍ഹതപ്പെട്ടവരുടെ ശരീരത്തില്‍ തുടിക്കും. സുനില്‍ അവിവാഹിതനാണ്. അച്ഛന്‍ കൃഷ്ണന്‍, അമ്മ: കുമാരി, സഹോദരങ്ങള്‍: അനില്‍കുമാര്‍, പരേതനായ വിമല്‍ കുമാര്‍. സംസ്‌കാരം നടത്തി.

 

Related Articles

Back to top button
error: Content is protected !!