ChuttuvattomThodupuzha

തൊടുപുഴ ലോ കോളേജില്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം

തൊടുപുഴ : തൊടുപുഴ ലോ കോളേജില്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. ചൊവ്വാഴ്ച കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയും മണിക്കൂറുകളോളം സമരം ചെയ്തതിനും പിന്നാലെയാണ് നടപടി. ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. ചൊവ്വ രാത്രി 12ഓടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചിരുന്നു. കോളേജില്‍ ചൊവ്വാഴ്ച നടന്ന സംഭവങ്ങള്‍ അന്വേഷിക്കാന്‍ സഹകരണ വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും ഭരണസമിതിയെ പിരിച്ചുവിടുന്നതും അഡിമിനിസ്‌ട്രേറ്റര്‍ ചുമതലയേല്‍ക്കുന്നതും. അഡിമിനിസ്‌ട്രേറ്ററെ നിയമിച്ചാല്‍ കുട്ടികളുടെയും കോളേജിന്റെയും ഭാഗങ്ങള്‍ കേട്ട് നിഷ്പക്ഷമായ അന്വേഷണം നടക്കും. മാനേജ്‌മെന്റ് ഇരുന്നാല്‍ പക്ഷപാതപരമാകും എന്നായിരുന്നു കുട്ടികളുടെ ഭാഗം. മാനേജ്‌മെന്റിനെ ഏതൊക്കെ ചട്ടങ്ങള്‍ പ്രകാരമാണ് പിരിച്ചുവിടുകയെന്നത് റിപ്പോര്‍ട്ട് വന്നാലേ വ്യക്തമാകൂവെന്ന് സബ് കലക്ടര്‍ പറഞ്ഞു.

ബുധനാഴ്ച പകല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ കോളേജിലെത്തിയിരുന്നു. ക്ലാസ് ഇല്ലാതിരുന്നിട്ടും വിദ്യാര്‍ത്ഥികളും ക്യാമ്പസിലുണ്ടായിരുന്നു. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് കോളേജ് അധികൃതര്‍ ഉത്തരവിറക്കി. ആദ്യം സസ്‌പെന്‍ഷന്‍ മരവിപ്പിക്കുകയാണ് ചെയ്തത്. രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. ഒരു വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ചൊവ്വ വൈകിട്ട് 3ഓടെയാണ് 30ഓളം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയതും സമരം ആരംഭിച്ചതും. അധികമാര്‍ക്ക് നല്‍കിയെന്നാരോപിച്ച് സമരം ചെയ്ത ഏഴുപേരെ സസ്‌പെന്‍ഡ് ചെയ്യുകയും റാഗിംഗ് കേസെടുക്കുകയും ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നും പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച അവധി ചോദിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ദിവസം കൂടി ക്ലാസ് ഉണ്ടാകില്ല. അടുത്തയാഴ്ച കോളേജില്‍ വാല്യുവേഷന്‍ നടക്കുന്നതിനാല്‍ സ്വാഭാവികമായി ക്ലാസുകള്‍ ഉണ്ടാകില്ല.

 

Related Articles

Back to top button
error: Content is protected !!