ChuttuvattomThodupuzha

നെടിയശാലയിലെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം : സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഉപകാരപ്രദമാകുന്നു

നെടിയശാല : നവ കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മണക്കാട് പഞ്ചായത്തില്‍ 10 ആം വാര്‍ഡില്‍ നെടിയശാലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഉപകാരപ്രദമാകുന്നു. ദേശീയ സംസ്ഥാന പാതയോരങ്ങളിലും ജന ബാഹുല്യമുള്ള മേഖലകളിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഏതു സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന തരത്തില്‍ ആധുനിക സംവിധാനങ്ങളോടു കൂടി ടോയിലറ്റ് സൗകര്യവും ലഘു ഭക്ഷണത്തോട് കൂടിയ കോഫി ഷോപ്പും ഉള്‍പ്പെടുന്ന വിശ്രമ കേന്ദ്രമായിട്ടാണ് ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തിച്ചു വരുന്നതെന്ന് മണക്കാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് ജേക്കബ് പറഞ്ഞു. മണക്കാട്, പുറപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്തു കൂടി കടന്നു പോകുന്ന ആലപ്പുഴ, തേനി സംസ്ഥാന ഹൈവേയുടെ പാതയോരത്ത് നെടിയശാല സെന്റ് മേരീസ് പള്ളിക്ക് മുന്‍ വശത്താണ് ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

മണക്കാട് പഞ്ചായത്തിന്റെയും സംസ്ഥാന ശുചിത്വ മിഷന്റെയും ഫണ്ടുകള്‍ സംയോജിപ്പിച്ച് 11 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തികരിച്ച ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം കഴിഞ്ഞ ജനുവരിയിലാണ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. പുതുപ്പെരിയാരത്ത് എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹ ദീപം കുടുംബശ്രീ യൂണിറ്റിനെയാണ് ഈ സംരംഭത്തിന്റെ നടത്തിപ്പും പരിപാല ചുമതലയും പഞ്ചായത്ത് ഏല്‍പ്പിച്ചിട്ടുള്ളതെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന ബിന്നി പറഞ്ഞു. വാട്ടര്‍ ചാര്‍ജ്, വൈദ്യുതി ചാര്‍ജ് എന്നിവയും പഞ്ചായത്താണ് നല്‍കി വരുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്ളതിനാലും തിരക്ക് കുറവുള്ള സ്ഥലമായതിനാലും പൊതു ജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കുടംബശ്രീ അംഗങ്ങളായ ആഷ സന്തോഷ്, സേതു സോമന്‍, സനിത ബിജു എന്നിവര്‍ പറഞ്ഞു. വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്ന ലഘു ഭക്ഷണ ശാലയില്‍ നിന്നും ലഭിക്കുന്ന വരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരു സംരംഭമെന്ന നിലയില്‍ വരുമാനം ആര്‍ജിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും നെടിയശാല വഴി സഞ്ചരിക്കുന്നവര്‍ ഇവിടുത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് വനിതകളുടെ ഈ സംരംഭത്തിന് പിന്തുണ നല്‍കിയാല്‍ അത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉപകാര പ്രദമാകുമെന്നും പഞ്ചായത്തധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!