ChuttuvattomThodupuzha

മൂന്ന് വര്‍ഷമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാവാതെ മേത്തൊട്ടി -മൂലേക്കാട് റോഡിന്റ 900 മീറ്റര്‍ഭാഗം

പൂമാല : പന്നിമറ്റം -പൂമാല-മേത്തൊട്ടി- മൂലേക്കാട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തം. 2001-ല്‍ തൊടുപുഴ എംഎല്‍എ ആയിരിക്കേ പി.ടി.തോമസാണ് റോഡ് നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പലഘട്ടങ്ങളായി പന്നിമറ്റത്ത് നിന്നും പൂമാല – മേത്തൊട്ടി – മൂലേക്കാടു വഴി ഉടുമ്പന്നൂര്‍ പാറമട റോഡുമായി ചേരുന്ന റോഡിന്റെ നിര്‍മ്മാണത്തിന് തുക അനുവദിച്ചു. 7.6 കിലോമീറ്ററാണ് റോഡിന്റ ആകെ ദൂരം. ഇതില്‍ 6.7കിലോമീറ്റര്‍ ഭാഗം ഭേദപ്പെട്ട നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കയിട്ട് മൂന്ന് വര്‍ഷത്തോളമായി.

അവശേഷിക്കുന്ന 900മീറ്റര്‍ ഭാഗം കൂടി നിര്‍മ്മിച്ചാല്‍ ഇടവെട്ടി ,ആലക്കോട് ,വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് തൊടുപുഴയില്‍ എത്താതെ ഉപ്പുകുന്നുവഴി ഇടുക്കി ഭാഗത്തേയ്ക്ക് സഞ്ചരിക്കാനാവും. ഇടുക്കിയിലേക്ക് എത്താന്‍ 10 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരവും ലാഭിക്കാനാവും. റോഡിന്റെ കുറച്ച് ഭാഗം വനത്തില്‍കൂടി കടന്നുപോകുന്നുണ്ടെങ്കിലും വനംവകുപ്പ് ഇതിന് എന്‍ഒസി നല്‍കിയിട്ടുണ്ട്. റോഡ് കടന്നു പോകുന്ന ഭാഗത്തുള്ള കുടുംബങ്ങള്‍ സ്ഥലം വിട്ടുനല്‍കുവാന്‍ തയ്യാറാണെന്നും എന്നിട്ടും അവശേഷിക്കുന്ന തൊള്ളായിരം മീറ്റര്‍ ഭാഗം കൂടി നിര്‍മ്മിക്കുവാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പ്രധാനമന്ത്രി റോഡ് വികസന പദ്ധതിയില്‍പ്പെടുത്തിയാണ് മേത്തൊട്ടി മുതലുള്ള ഭാഗം നിര്‍മ്മിച്ചത്. ഇനിയുള്ള ഭാഗം നിര്‍മ്മിക്കുവാന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 15 ലക്ഷം രൂപ അനുവദിച്ചിതായി
പ്രഖ്യാപിച്ചെങ്കിലും ഇത്  വിശ്വസനീയമല്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!