ChuttuvattomThodupuzha

അധ്യയന വര്‍ഷാരംഭം അടുത്തെത്തി ; വല വിരിച്ച് ലഹരി മാഫിയയും

തൊടുപുഴ : വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്‌കൂള്‍ – കോളേജ് വിപണി ലക്ഷ്യമിട്ട് ലഹരി മാഫിയയും പിടിമുറുക്കുന്നു. പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടില്‍ വ്യാപകമാകുകയാണ്. വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. കുറഞ്ഞ അളവില്‍പ്പോലും വലിയ വില ലഭിക്കുന്നതിനാല്‍ കടത്താനും എളുപ്പമാണ്. ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വില്‍പ്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി പെണ്‍കുട്ടികളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവര്‍ എന്തു മാര്‍ഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനല്‍ പ്രവണതകളിലേക്ക് നയിക്കും.

രക്ഷാകര്‍ത്താക്കള്‍ക്കും അജ്ഞത

ന്യൂജന്‍ ലഹരികള്‍ക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് അവരുടെ മക്കള്‍ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല. ബൈപ്പാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്ന് മാഫിയയുടെ വിഹാര കേന്ദ്രങ്ങള്‍. പോലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകളില്‍ ഏറെയും നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വന്‍ തോതില്‍ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. ഒരു കിലോയില്‍ താഴെ കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് പിടിക്കപ്പെട്ടാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വില്‍പ്പനക്കാര്‍ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുന്നതാണ് പതിവ്.

കോഡ് ഭാഷയില്‍ ഇടപാടുകള്‍

കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാര്‍ ഇടപാടുകള്‍ നടത്തുന്നത്. വര്‍ഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങള്‍ ഉപയോഗിച്ചിരുന്ന കോഡ് ഭാഷകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിചിതമായതോടെ പുതിയ കോഡ് ഭാഷകള്‍ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങള്‍ ഇടപാടുകള്‍ നടത്തുന്നത്. കഞ്ചാവിന് മരുന്ന് എന്ന വിളിപ്പേരും ഇടപാടുകാര്‍ ഉപയോഗിച്ചിരുന്നു. സിന്തറ്റിക് ഡ്രഗ്‌സുകള്‍ കൊടുക്കാന്‍ പ്രത്യേക ഏജന്റുമാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മോളി എന്ന വിളിപ്പേരിലാണ് ഇടപാടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കല്ല്, അല്ലങ്കില്‍ പവര്‍ എന്ന കോഡുഭാഷയും ഇവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.

ജീവിതം നശിപ്പിക്കും എംഡിഎംഎ

കഞ്ചാവ് പോലുള്ള നാച്ചുറല്‍ ലഹരികളില്‍ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികള്‍. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നില്‍ക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. മറ്റ് ലഹരികളില്‍ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ടവരെ എംഡിഎംഎ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവില്‍ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാല്‍ എംഡിഎംഎ ഉപയോഗിച്ച് തുടങ്ങുന്ന യുവാക്കള്‍ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യും.

 

 

Related Articles

Back to top button
error: Content is protected !!