Thodupuzha

വെറ്റിനറി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തൊടുപുഴ: ജില്ലാ മൃഗാശുപത്രിയില്‍ പ്രതിരോധ വാക്സിന്‍ എടുക്കുന്നതിനിടെ വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേരെ കടിച്ച വളര്‍ത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.കൂട്ടില്‍ നിരീക്ഷണത്തിലായിരുന്ന നായ ഞായറാഴ്ച ചത്തിരുന്നു.
തുടര്‍ന്ന് നായയുടെ ജഡം മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ എ.ഡി.ഡി.എല്‍. ലാബില്‍ എത്തിച്ചുനടത്തിയ പരിശോധനയിലാണ് ഇന്നലെ പേവിഷബാധ സ്ഥിരീകരിച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍, നായുടെ ഉടമയ്ക്കും ഉടമയുടെ ഭാര്യക്കുമാണ് നായുടെ കടിയേറ്റത്. തുടര്‍ന്ന് മൂന്നുപേരും രണ്ടു ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തു. കഴിഞ്ഞ 15ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിലായിരുന്നു സംഭവം. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മൂന്നര വയസു പ്രായമുള്ള വളര്‍ത്തുനായാണ് വാക്സിനെടുക്കാന്‍ എത്തിച്ചപ്പോള്‍ അക്രമാസക്തമായത്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരിക്കുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്യുന്നുവെന്നു പറഞ്ഞാണ് യൂജിന്‍ നായയെ ആശുപത്രിയിലെത്തിച്ചത്. നായ ഇതുവരെ ആരെയും കടിച്ചിട്ടില്ലെന്ന് ഉടമ പറഞ്ഞതിനാല്‍ വായ കെട്ടാതെ പരിശോധിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കടിയേറ്റത്. ഉടന്‍ തന്നെ യൂജിന്‍ നായയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയും പിന്നീട് കൂട്ടിലടച്ചു വായ കെട്ടാന്‍ ശ്രമിക്കുന്നതിനിടെയും നായ ഇദ്ദേഹത്തെ മാരകമായി കടിച്ചു പരുക്കേല്‍പ്പിച്ചു. ഇതിനുശേഷം മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് യൂജിന്റെ ഭാര്യയ്ക്ക് നായയുടെ കടിയേറ്റത്. നായയ്ക്ക് ഇതുവരെ പേ വിഷ പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ല. വീട്ടിലെ കൂട്ടില്‍ പത്തുദിവസം നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് നായ ചത്തത്.

 

 

Related Articles

Back to top button
error: Content is protected !!