ChuttuvattomThodupuzha

നാളിയാനി കോച്ചേരി കടവില്‍ പാലം നിര്‍മ്മിക്കാനുള്ള തീരുമാനം നീളുന്നു

പൂമാല : നാളിയാനി കോച്ചേരിക്കടവില്‍ വടക്കാനറിന് കുറുകെ പാലം നിര്‍മ്മിക്കാനുള്ള തീരുമാനം അനന്തമായി നീളുന്നു. വനം വകുപ്പ് എന്‍ഒസി നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ ആവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പും ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇതോടെ രണ്ടു വര്‍ഷമായി മുടങ്ങി കിടക്കുന്ന പാലം നിര്‍മ്മാണം എന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയായി. മുമ്പ് പാലം നിര്‍മ്മിക്കാന്‍ ആരംഭിച്ചപ്പോള്‍ എന്‍ഒസി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വനം വകുപ്പ് തടഞ്ഞിരുന്നു. പിന്നീട് പ്രദേശവാസികള്‍ നിരന്തരമായി കോതമംഗലം ഡിഎഫ്ഒ ഓഫീസില്‍ എന്‍ഒസി ക്കായി കയറിയിറങ്ങിയതിനെത്തുടര്‍ന്ന് വനം വകുപ്പ് എന്‍ഒസി നല്‍കാന്‍ നടപടി ആരംഭിച്ചു. അതിനായി പാലം നിര്‍മ്മിക്കുന്ന സ്ഥലം ഗോത്ര വര്‍ഗ സംരക്ഷിത ഭൂമിയില്‍ ആണോ വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗങ്ങള്‍ക്ക് കിട്ടിയ ഭൂമിയാണോ എന്ന് വ്യക്തത
വരുത്തുവാന്‍ ആവശ്യപ്പെട്ട് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

മറുപടി ലഭിച്ചാല്‍ മാത്രമേ വിവരങ്ങള്‍ പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് എന്‍ഒസി വാങ്ങാന്‍ കഴിയുകയുള്ളു. ട്രൈബല്‍ ഡിപ്പാര്‍ട്മെന്റ് 32000 രൂപ എന്‍ഒസി കിട്ടാനായി പരിവേഷ് പോര്‍ട്ടല്‍ വഴി അടച്ചിട്ടുണ്ട്. വടക്കാനാറിന്റെ ഇരുകരകളിലുമായി താമസിക്കുന്ന കുടുംബങ്ങളുടെ യാത്രാദുരിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു പാലം നിര്‍മ്മിക്കാന്‍ ജില്ലാ വികസനകമ്മീഷണറുടെ ഇടപെടല്‍. മഴ കനത്താല്‍ വടക്കാനാര്‍ കരകവിയും. പീന്നിട് പുറം ലോകവുമായി ബന്ധം സ്ഥാപിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണെന്നും രോഗികളുമായി ആശുപത്രിയില്‍ പോകണമെങ്കില്‍ ചുമലില്‍ താങ്ങി പുഴ നീന്തി കടക്കണമെന്നും പ്രായമായവരും വിദ്യാര്‍ത്ഥികളും രോഗികളുമുള്‍പ്പെടെ പാലം ഇല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. പാലം നിര്‍മ്മിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തയ്യാറാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!