ChuttuvattomThodupuzha

സഹകരണമേഖലയുടെ അടിത്തറ ശക്തം : മന്ത്രി വി. എന്‍. വാസവന്‍

തൊടുപുഴ : കേരളത്തിലെ സഹകരണ മേഖലയുടെ അടിത്തറ ശക്തമാണെന്നും വ്യാജ പ്രചാരണങ്ങള്‍ക്ക് കേരളത്തിലെ സഹകാരികളെ തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇതിനുള്ള മികച്ച തെളിവാണ് കഴിഞ്ഞ നിക്ഷേപസമാഹരണ യജ്ഞത്തിന്റെ വന്‍വിജയമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഗുണഭോക്താക്കള്‍ക്കുള്ള റിസ്‌ക്ഫണ്ട് ധനസഹായ വിതരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പാദന രംഗത്തടക്കം ജനസേവനം ആവശ്യമായി വരുന്ന എല്ലാ മേഖലകളിലും ഇന്ന് സഹകരണ സ്ഥാപനങ്ങള്‍ ചുവടുറപ്പിക്കുകയാണ്. മറ്റൊരു ബാങ്കിംഗ് മേഖലയിലും ലഭിക്കാത്ത സേവനങ്ങളാണ് കേരളത്തിലെ സഹകരണ മേഖല ജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ കൂട്ടായ്മയിലൂടെ സഹകരണമേഖല ഇനിയും മുന്നോട്ട് തന്നെ പോകുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പി. ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ സംഘം രജിസ്ട്രാര്‍ ടി .വി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

ജില്ലയിലെ വിവിധ സഹകരണ ബാങ്ക് സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത ശേഷം മരണപ്പെടുകയോ മാരകരോഗം ബാധിക്കുകയോ ചെയ്തിട്ടുളളവര്‍, ആശ്രിതര്‍ എന്നിവര്‍ നല്‍കിയിട്ടുളള അപേക്ഷകളില്‍ അര്‍ഹരായ 311 പേര്‍ക്ക് 2,14,66,550 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.കെ ശശീന്ദ്രന്‍, സംസ്ഥാന കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.തിലകന്‍, ബോര്‍ഡ് മെമ്പര്‍ കെ. വി ശശി , സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ വി. വി മത്തായി, ഒ.ആര്‍ ശശി, വിവിധ സഹകരണ സംഘം ഭരണ സമിതി അംഗങ്ങള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , സഹകാരികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!