ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ മാതൃക്കല്ല് പ്രതിഷ്ഠ നടത്തി

തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ പ്രതിഷ്ഠാമഹോത്സവത്തിന്റെ ഒന്‍പതാം ദിനമായ ചൊവാഴ്ച്ച രാവിലെ 5 മുതല്‍ മണ്ഡപത്തില്‍ പൂജകള്‍ ആരംഭിച്ചു. കര്‍മ്മങ്ങളുടെ ഭാഗമായി പരിവാര പ്രതിഷ്ഠകളും , മാതൃക്കല്ല് പ്രതിഷ്ഠയും ബലിക്കല്ല് പ്രതിഷ്ഠയും ഉപദേവന്മാര്‍ക്ക് കലശവും നടന്നു. വൈകിട്ട് സ്ഥലശുദ്ധി , മുളപൂജ ചടങ്ങുകള്‍ക്ക് ശേഷം വിശേഷാല്‍ ദീപാരാധനയും അത്താഴപൂജയും നടന്നു.വൈകിട്ട് വേദിയില്‍ ശിവഗംഗ നൃത്തകലാ ക്ഷേത്രം അവതരിപ്പിച്ച വിളക്ക് ഡാന്‍സും സംഘമിത്ര സുനില്‍ അവതരിപ്പിച്ച കുച്ചിപ്പുടിയും ഉള്‍പ്പെടെ നൃത്തപരിപാടികളും കൊച്ചിന്‍ തരംഗിണിയുടെ ഗാനമേളയും അരങ്ങേറി. ഇന്ന് പ്രോക്തഹോമം , പ്രായശ്ചിത്ത ഹോമം , മണ്ഡപ സംസ്‌കാരം , ശാന്തിഹോമം തുടങ്ങിയ വൈദികചടങ്ങുകളും മറ്റു പൂജകളും നടക്കും.

വൈകിട്ട് 5.30ന് ബ്രഹ്‌മകലശപൂജയും തുടര്‍ന്ന് കുംഭേശ കര്‍ക്കരീപൂജകളും പരികലശപൂജകളും കര്‍പ്പൂരാദി ദ്രവ്യകലശവും നടക്കും . അധിവാസ ഹോമം കലശാധിവാസം തുടങ്ങിയ കര്‍മ്മങ്ങളും ഇന്ന് വൈകിട്ട് നടക്കും. വാദ്യമേളങ്ങള്‍ക്ക് പ്രാധാന്യമുള്ള അതിവിശിഷ്ടമായ ചടങ്ങുകളും വൈദികകര്‍മ്മങ്ങളുമാണ് പ്രതിഷ്ഠാമഹോത്സവദിനങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്നത്. വാദ്യകലാപ്രമാണി കാഞ്ഞിരമറ്റം ശ്രീക്കുട്ടന്‍ മാരാരാണ് വൈദിക കര്‍മ്മങ്ങള്‍ക്കുള്ള വാദ്യമേളങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.വൈകിട്ട് വേദിയില്‍ തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തപരിപാടികളും കോഴിക്കോട് പ്രശാന്ത് വര്‍മ്മ നേതൃത്വം നല്‍കുന്ന മാനസ ജപലഹരിയും അരങ്ങേറും.

Related Articles

Back to top button
error: Content is protected !!