ChuttuvattomThodupuzha

അറക്കുളത്ത് പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് ആഘോഷമായി മാറി

അറക്കുളം: പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കലാ, കായിക, ഭൗതീക മേഖലകളില്‍ വന്‍ വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ നടത്തിയ പരിപാടി വന്‍ ആഘോഷമായി മാറി. നാടന്‍പാട്ട്, നാടോടി നൃത്തം, മലയാളം ഇംഗ്ലീഷ് നാടകങ്ങള്‍, പദ്യോച്ചാരണം, ദേശഭക്തിഗാനം, ക്ലേ മോഡലിങ്ങ്, ലീഗല്‍ ക്വിസ് എന്നിവയില്‍ സംസ്ഥാന തലത്തില്‍ വിജയിച്ചവരും, ബംഗാളില്‍ നടന്ന ദേശീയ കുംഫു മത്സരത്തില്‍ മെഡലുകള്‍ നേടിയവരും, ലൈബ്രറി കൗണ്‍സില്‍ നടത്തിയ വായനാ മല്‍സരത്തില്‍ വിജയിച്ചവരും അടക്കം 52 കുട്ടികളെയാണ് അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിച്ചത്.

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഒന്നാമതെത്തിയ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച മന്നാന്‍ കൂത്ത് നാടന്‍പാട്ടും മറ്റ് കലാപരിപാടികളും അനുമോദന ചടങ്ങ് മികവുറ്റതാക്കി.ക്യാഷ് അവാര്‍ഡുകളും, സര്‍ട്ടിഫിക്കറ്റുകളും, പൊന്നാടകളും നല്‍കിയാണ് സംഘാടകര്‍ പ്രതിഭകളെ ആദരിച്ചത്.കുംഫുവില്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് പങ്കെടുക്കുവാന്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം സാധിക്കാത്ത കുട്ടിക്ക് ജയ് ഹിന്ദ് ലൈബ്രറി സഹായങ്ങള്‍ ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ് പി.ഏ.വേലുക്കുട്ടന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ലൈബ്രറി സെക്രട്ടറി കെ.ടി മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി.കെ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളി വികാരി ഫാ.ജോര്‍ജ് മണ്ണു കുശുമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മൂലമറ്റം സെന്റ് ജോര്‍ജ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ഗ്രേയ്സ് മുഖ്യ പ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിന്റ് സുനില്‍ സെബാസ്റ്റ്യന്‍, കിസ്സാന്‍ സര്‍വ്വീസ് സൊസൈറ്റി പ്രസിഡന്റ് ജോസഫ് ജെ.ഓലിക്കന്‍, അറക്കുളംഅശോക ഷട്ടില്‍ ക്ലബ്ബ് പ്രസിഡന്റ് അജില്‍.പി. ജേക്കബ് , ലൈബ്രറി വനിതാവേദി അംഗം ബിജി വേലുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി കമ്മറ്റിയംഗങ്ങളായ ബിജു ജോര്‍ജ്, ബിറ്റാജ് പ്രഭാകര്‍, എസ്.ശ്രീവല്‍സലന്‍, ബിജു വിജയന്‍, ആര്യമനു, ഏ.എന്‍ മോഹനന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!