ChuttuvattomThodupuzha

ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു ; ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞാര്‍ : കൂരവളവിന് സമീപം മാണിമംഗലത്ത് ജോസഫ് ജോണിന്റെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ഇന്ന് വൈകിട്ട് 5 ഓടെയാണ് ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചത്. പുതിയ ഗ്യാസ് സിലണ്ടര്‍ ഗ്യാസ് സ്റ്റൗവുമായി ഘടിപ്പിച്ചതിന് ശേഷം സ്റ്റൗ ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ചപ്പോള്‍ പെട്ടെന്ന് ഹോസ് വഴി തീ ഗ്യാസ് സിലണ്ടറിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലണ്ടറിന് തീപിടിക്കുന്നത് കണ്ടയുടനെ ജോസഫ് ജോണ്‍ കയര്‍ കെട്ടി ഗ്യാസ് സിലണ്ടര്‍ അടുക്കളയുടെ വാതില്‍ വഴി പുറത്തേക്ക് വലിച്ചിട്ടു. അടുക്കള വാതിലിനോട് ചേര്‍ന്ന് വീട്ടുമുറ്റത്ത് കിടന്ന് വലിയ ശബ്ദത്തോടെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ജോസഫ് ജോണും ഭാര്യ ലീലാമ്മയുമാണ് ഗ്യാസ് സിലണ്ടര്‍ പൊട്ടിതെറിക്കുന്ന സമയം വീട്ടിലുണ്ടായിരുന്നത്. ഉഗ്ര സ്ഫോടന ശബ്ദം കേട്ട് സമീപവാസികള്‍ ജോസഫ് ജോണിന്റെ വീട്ടിലേക്ക് ഓടിയെത്തി. അടുക്കള ഭാഗത്തെ ഷെഡും, ജനലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. തീ പിടിച്ച ഉടനെ സിലണ്ടര്‍ പുറത്തെത്തിക്കാന്‍ കഴിഞ്ഞത് അപകടത്തിന്റെ ആഘാതം കുറച്ചു. ജോസഫ് ജോണിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

 

Related Articles

Back to top button
error: Content is protected !!