Thodupuzha

ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

തൊടുപുഴ : ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. കാളിയാര്‍ മുള്ളന്‍കുത്തി കുഴിയാമ്പില്‍ ബെന്നി (54)യെയാണ് അയല്‍വാസിയുടെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈട് വസ്തു ജപ്തി ചെയ്യുന്നതിനു മുന്നോടിയായി നോട്ടിസ് ലഭിച്ചതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു. 2013 ല്‍ തൊടുപുഴ കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് രണ്ടു ലക്ഷം രൂപ വായ്പ എടുത്തിരുന്നു ഇതില്‍ കുറച്ച് തവണകള്‍ അടയ്ക്കുകയും ചെയ്തു. മുന്‍പ് ഇയാള്‍ നാഗാലാന്‍ഡില്‍ അധ്യാപകനായിരുന്നു. നാല് വര്‍ഷം മുന്‍പാണ് തിരിച്ചു വന്നത് നാഗാലാന്‍ഡിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ ഇയാള്‍ക്ക് ഹൃദയ സംബന്ധമായ രോഗം പിടിപെടുകയും ഭാര്യക്ക് അസുഖം വരികയും ചെയ്തത്. ഇതോടെ വായ്പ് തിരിച്ചടവ് മുടങ്ങി. രണ്ടു ലക്ഷം ആയിരുന്ന ലോണ്‍ പലിശയും പിഴ പലിശയും ചേര്‍ന്ന് ഇരട്ടിയോളമായി.

ഇതിനെ തുടര്‍ന്ന് ബാങ്ക് ജപ്തിക്ക് മുന്നോടിയായി പത്ര പരസ്യം നല്‍കുമെന്ന് കാട്ടി നോട്ടിസ് നല്‍കി. ബെന്നിയുടെ രണ്ടു പെണ്‍ മക്കളില്‍ ഒരാള്‍ നഴ്സിംഗിനും മറ്റൊരാള്‍ പ്ലസ് ടു വിനും പഠിക്കുകയാണ് വായ്പ കുടിശികയും ഇവരുടെ പഠന ചെലവും കണ്ടെത്താന്‍ കഴിയാത്തത് ബെന്നിയെ തളര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ ബെന്നിയെ കണ്ടത്. അതേ സമയം ഇയാള്‍ മരിക്കുന്നതിന് തലേ ദിവസം വീട്ടില്‍ കലഹം ഉണ്ടാകുകയും തുടര്‍ന്ന് കാളിയാര്‍ പോലീസ് എത്തി ഭാര്യയെയും മകളെയും ഇവിടെ നിന്ന് മാറ്റിയിരുന്നു. ഭാര്യ നല്‍കിയ മൊഴിയില്‍ വായ്പ എടുത്തത് സംബന്ധിച്ച പ്രശ്നമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍ വായ്പ കുടിശികയുള്ള എല്ലാവര്‍ക്കും നോട്ടീസ് അയച്ചതല്ലാതെ ജപ്തി നടപടികളിലേക്ക് ബാങ്ക് കടന്നിട്ടില്ലന്ന് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!