AccidentChuttuvattomThodupuzha

പെയിന്റുമായി പോയ പാഴ്സല്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്‌

വണ്ണപ്പുറം: പെയിന്റുമായി പോയ പാഴ്‌സല്‍ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു. എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് പെയിന്റുമായി പോയ പാഴ്‌സല്‍ ലോറിയാണ് വണ്ണപ്പുറം – ചേലച്ചുവട് സംസ്ഥാന പാതയിലെ മുണ്ടന്‍മുടി നിരപ്പുപാറയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ കായംകുളം സ്വദേശി ഗോകുല്‍ പെരുന്തോട്ടത്തിനും സഹായി അനിലിനും പരിക്കുണ്ട്. ഇവരെ ആദ്യം വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും വണ്ണപ്പുറത്തെത്തി ഹൈറേഞ്ചിലേക്ക് പോകുകയായിരുന്നു വാഹനം. മുണ്ടന്‍മുടിക്ക് സമീപം കുത്തനെ കയറ്റം കയറാനാവാതെ വന്നതിനാല്‍ തിരിച്ച് വരവേ കൊടുംവളവില്‍ നിയന്ത്രണം നഷ്ടമായ ലോറി മറിയുകയായിരുന്നു. നിരപ്പുപാറ സ്വദേശി ആനച്ചേരില്‍ ശിവന്റെ വീട്ടു മുറ്റത്തേയ്ക്കാണ് വാഹനം മറിഞ്ഞത്. കുത്തനെ കയറ്റിറക്കമുള്ള റോഡിന് ഇരു വശങ്ങളിലുമായി നിരവധി വീടുകളുള്ള ഇവിടെ തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വലിയ ശബ്ദത്തോടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന ശിവനും കുടുംബവും അയല്‍വാസികളുമാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ താഴേക്ക് പതിച്ച പെയിന്റ് റോഡിലാകെ പരന്നു. ഗതാഗത തിരക്കേറിയ റോഡില്‍ പെയിന്റ് ഒഴുകി കിടക്കുന്നത് മറ്റു വാഹനങ്ങള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ റോഡ് കഴുകി അപകട രഹിതമാക്കി. വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റം കയറാനാവാതെ പിന്നോട്ട് ഉരുണ്ട് അപകടം ഉണ്ടാകുന്നത് പതിവാണ്.സമാന രീതിയില്‍ ഇതിന് മുമ്പും ഇവിടെ അപകടം ഉണ്ടായിട്ടുണ്ടെന്നും കയറ്റം കുറയ്ക്കാതെ റോഡ് നിര്‍മ്മിച്ചതും മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് കംപ്രസര്‍ മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. പ്രദേശത്ത് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ റോഡിന്റെ വീതി കൂട്ടി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!