Thodupuzha

അനുഷ്ഠാന കലയായ ഐവര്‍ കളിയുടെ അവതരണം ശ്രദ്ധേയമായി കലാരൂപം അരങ്ങേറിയത് നാടുകാണി ട്രൈബല്‍ കോളേജ് ഗ്രൗണ്ടില്‍

മൂലമറ്റം: കാളീചരിതം പ്രതിപാദിച്ച് പമ്പാനദിയുടെ തീരപ്രദേശങ്ങളില്‍ മല അരയരാലും വള്ളുവനാടന്‍ പ്രദേശങ്ങളില്‍ മറ്റ് പല സമുദായങ്ങളാലും അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാനകലയായ ഐവര്‍കളിയുടെ അവതരണം ശ്രദ്ധേയമായി. നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംഘടിപ്പിച്ച മല അരയ മഹാസഭയുടെ സാംസ്‌കാരികോത്സവത്തോട് അനുബന്ധിച്ചാണ് ഐവര്‍കളി അവതരിപ്പിച്ചത്. കാളീഭക്തനായ കര്‍ണ്ണനെ പാണ്ഡവര്‍ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്നാണ് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്ണന്‍ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്തുതിച്ച് പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിര്‍ദ്ദേശിച്ചു. ശ്രീകൃഷ്ണന്‍ തന്നെ നടുവില്‍ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭദ്രകാളിസ്തുതിക്ക് പുറമേ ശ്രീകൃഷ്ണചരിതവും രാമായണവും ഐവര്‍കളിപ്പാട്ടിനു വിഷയമാകാറുണ്ട്. വൃത്താകൃതിയില്‍ മുള കൊണ്ട് നിര്‍മ്മിച്ച് പനയോല മേഞ്ഞ് കുരുത്തോലകൊണ്ട് തോരണം തൂക്കി അലങ്കരിച്ച പന്തലിന് കീഴിലായിരുന്നു ഐവര്‍കളി അരങ്ങേറിയത്. ഗുരുക്കന്മാരില്‍ നിന്നും പകര്‍ന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീര്‍ത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കൊച്ചു കുട്ടികളും മുതിര്‍ന്നവരും സ്ത്രീകളും ഉള്‍പ്പെടെയുള്ള കളിക്കാര്‍ തട്ടിലേറിയത്. പരമ്പരാഗതമായി ഐവര്‍കളി പരിശീലിപ്പിക്കുന്ന മുണ്ടക്കയം സ്വദേശി അയ്യപ്പദാസും ശിഷ്യന്‍മാരുമാണ് നാടുകാണിയില്‍ എത്തി കലാരൂപം അവതരിപ്പിച്ചത്. എഴുതിരിയിട്ട വിളക്കിന് മുമ്പില്‍ നാക്കിലയില്‍ അരി, പൂവ്, നാളീകേരം എന്നിവ വെച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെയാണ് ചുവട്വെയ്ക്കുന്നത്. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു കളിയവതരണമെന്ന് സംഘാടകര്‍ പറഞ്ഞു. കലാരൂപം ആസ്വദിക്കാനായി നാടുകാണി ട്രൈബല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിരവധിയാളുകള്‍ എത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!