Local LiveMoolammattam

മൂലമറ്റം ഗണപതി അമ്പലത്തിന് സമീപമുള്ള പാലത്തിന്റെയും സംരക്ഷണഭിത്തിയുടെയും പുനര്‍നിര്‍മ്മാണം നടപ്പാക്കുന്നില്ല ; പ്രതിഷേധം ശക്തം

മൂലമറ്റം : പ്രളയത്തില്‍ തകര്‍ന്ന മൂലമറ്റം ഗണപതി അമ്പലത്തിന് സമീപമുള്ള പാലത്തിന്റെയും സമീപത്തെ വീടുകളുടെ സംരക്ഷണഭിത്തിയുടെയും പുനര്‍നിര്‍മ്മാണം നടപ്പാക്കാത്തതില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടാട്, ഇലപ്പള്ളി, കണ്ണിക്കല്‍, പുത്തേട്, മണപ്പാടി, കെഎസ്ഇബി കോളനി, പതിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിനാളുകളുടെ സഞ്ചാരമാര്‍ഗമായിരുന്ന പാലം തകര്‍ന്നതോടെ പ്രദേശവാസികള്‍ ദുരിതമനുഭവിക്കുകയാണ്. പഞ്ചാത്ത് അധികൃതര്‍ക്കുള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെല്ലാം പരാതി സമര്‍പ്പിച്ചിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

സമീപത്തുള്ള ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്നതിന് എളുപ്പമാര്‍ഗ്ഗമായിരുന്ന പാലം ചെറുവാഹനങ്ങള്‍ക്ക് കടന്നു പോകാനാകും വിധം പുനര്‍ നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസുകളും മറ്റ് വലിയ വാഹനങ്ങളും സഞ്ചരിച്ചിരുന്ന പാലത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ ബസുകള്‍ വൈദ്യുതി ബോര്‍ഡിന്റെ കോളനിക്കകത്ത് കൂടിയാണ് സര്‍വീസ് നടത്തുന്നത്. വൈദ്യുതി ബോര്‍ഡിന്റെ പാലത്തിന് തകരാര്‍ സംഭവിക്കുകയോ ഇതുവഴിയുള്ള യാത്രയ്ക്ക് വൈദ്യുതി ബോര്‍ഡ് നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ പുള്ളിക്കാനം വാഗമണ്‍ റോഡിലൂടെയുള്ള ഗതാഗതം നിലക്കും. അതിനാല്‍ ഗണപതി അമ്പലത്തിന് സമീപം പാലം നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!