ChuttuvattomThodupuzha

വറ്റിവരണ്ട് നീര്‍ച്ചാലുകള്‍ ; സഞ്ചാരികളുടെ വരവ് നിലച്ചു

തൊടുപുഴ : സഞ്ചാരികളുടെ കണ്ണും മനസും നിറച്ചിരുന്ന വെള്ളച്ചാട്ടങ്ങള്‍ കടുത്ത വേനലിനെത്തുടര്‍ന്നു വറ്റി വരണ്ടു. മലമുകളില്‍നിന്നു പാലരുവിയായി ഒഴുകിയിരുന്ന വെള്ളച്ചാട്ടങ്ങള്‍ വറ്റിവരണ്ട് അപ്രത്യക്ഷമായത് സന്ദര്‍ശകര്‍ക്കും നിരാശ സമ്മാനിക്കുകയാണ്.പല വെള്ളച്ചാട്ടങ്ങള്‍ക്കും സമീപം ചെറുകിട വ്യാപാരം നടത്തി ഉപജീവനം നടത്തിയിരുന്നവര്‍ക്കും ഇത് തിരിച്ചടിയായി. വെള്ളച്ചാട്ടം പ്രധാന ആകര്‍ഷണമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ സന്ദര്‍ശകരുടെ വരവും കുറഞ്ഞു.

മഴക്കാലത്ത് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ ജില്ലയുടെ പ്രത്യേകതയാണ്. തൊമ്മന്‍കുത്ത്, ആനയാടികുത്ത്, വളഞ്ഞങ്ങാനം, ചെല്ലാര്‍കോവില്‍, വാളറ, ചീയപ്പാറ, പെരുമ്പന്‍കുത്ത്, ഇലപ്പള്ളി, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിച്ചിരുന്നത്. തേക്കടി, മൂന്നാര്‍, വാഗമണ്‍ തുടങ്ങി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്ന സഞ്ചാരികള്‍ ഇവിടെ വാഹനം നിറുത്തി വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം ആസ്വദിച്ച ശേഷമായിരുന്നു പോയിരുന്നത്. സഞ്ചാരികളുടെ ഇടത്താവളമായ ഇവിടങ്ങളില്‍ നിരവധി പേരാണ് ചെറിയ കച്ചവടം നടത്തിയിരുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കണ്ടും അറിഞ്ഞും കേരളത്തിനു പുറത്തുനിന്നും അകത്തുനിന്നും എത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്.

വേനല്‍ കടുത്തതോടെയാണ് പ്രധാന പാതയിലുള്ള വെള്ളച്ചാട്ടങ്ങള്‍ ഇല്ലാതായത്. ഇതോടെ കച്ചവക്കാരില്‍ പലരും കടകളടച്ച് മറ്റു ജോലികള്‍ക്ക് പോയിതുടങ്ങി. മുന്‍പെങ്ങുമില്ലാത്ത വിധമാണ് വേനല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇത്തവണ വെള്ളമില്ലാതായത്. കൊടും ചൂടിനിടയില്‍ ഇടയ്ക്ക് വേനല്‍ മഴ ലഭിക്കുന്‌പോള്‍ പല വെള്ളച്ചാട്ടങ്ങളും ചെറിയ തോതില്‍ സജീവമാകുമായിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ മഴ കാര്യമായ തോതില്‍ ലഭിക്കാത്തത് തിരിച്ചടിയായി. ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തിയിരുന്നതും അപകട സാധ്യത കുറഞ്ഞതുമായ ആനയാടിക്കുത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം അവസ്ഥ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. നാമമാത്രമായാണ് ഇവിടേയ്ക്ക് സഞ്ചാരികള്‍ എത്തുന്നത്.

 

Related Articles

Back to top button
error: Content is protected !!