IdukkiLocal LiveThodupuzha

സംസ്ഥാന ക്ഷീരകര്‍ഷക സംഗമം നാളെ

തൊടുപുഴ : സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ക്ഷീരകര്‍ഷക സംഗമം പടവ് 2024 ന് ഞായറാഴ്ച ഇടുക്കി അണക്കരയില്‍ തുടക്കമാകും. 20വരെ അണക്കര സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിലാണ് സംഗമം. ക്ഷീര കര്‍ഷകരുടെയും സഹകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും കൂട്ടായ്മയായ ക്ഷീരകര്‍ഷക സംഗമത്തില്‍ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പടവ് ഒരുങ്ങുക. 5000ത്തോളം ക്ഷീരകര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുക്കും. 18ന് 3ന് വാഴൂര്‍ സോമന്‍ എം.എല്‍.എ പതാക ഉയര്‍ത്തും. 3.30ന് സെന്റ് തോമസ് ഫൊറോന പള്ളി മൈതാനത്തുനിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു ഫ്‌ളാഗ്ഓഫ് ചെയ്യും. അഞ്ചിന് ഡയറി എക്‌സ്‌പോ മന്ത്രി ജെ. ചിഞ്ചുറാണിയും കലാസന്ധ്യ എം.എം മണി എംഎല്‍എയും ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനാകും. തുടര്‍ന്ന് ക്ഷീരവികസന വകുപ്പിലെയും ക്ഷീരസംഘത്തിലെയും ജീവനക്കാരുടെ കലാവിരുന്ന് അരങ്ങേറും.

19ന് രാവിലം 10ന് പടവ് 2024 മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനാകും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് പദ്ധതി വിശദീകരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മന്ത്രി റോഷി അഗസ്റ്റിനും മാധ്യമ അവാര്‍ഡ് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പിയും വിതരണം ചെയ്യും. പകല്‍ 12ന് ക്ഷീരകര്‍ഷക സെമിനാറില്‍ മൃഗ പരിപാലനത്തിലെ പരമ്പരാഗത ചികിത്സാ രീതികള്‍ എന്ന വിഷയം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല അസോ. പ്രഫ. ഡോ. സുരേഷ് എന്‍. നായര്‍ അവതരിപ്പിക്കും. 2ന് ക്ഷീര കര്‍ഷകരുടെ വിജയഗാഥകളും 3ന് ക്ഷീരകര്‍ഷകരുടെ ശാസ്ത്രീയ കണ്ടെത്തലുകളും അവതരിപ്പിക്കും. 20ന് രാവിലെ 9.30ന് ക്ഷീര മേഖലയിലെ സംശയ നിവാരണം. 1.30ന് ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്‍പ്പശാല നടക്കും. 4ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനാകും. പത്ര സമ്മേളനത്തില്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി ഇ ഡോളസ്, തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി.ജെ രാജപ്പന്‍, ജിസ ജോസഫ്, എം.പി സുധീഷ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!