ChuttuvattomThodupuzha

കെണിയില്‍ കുടുങ്ങാതെ പുലി : വീണ്ടും കുറുക്കനെ കൊന്നു

തൊടുപുഴ : കരിങ്കുന്നം ഇല്ലിചാരി മേഖലയില്‍ ഭീതി പരത്തി വിലസുന്ന പുലി വീണ്ടും കുറുക്കനെ കൊന്നുതിന്നു. പുലിയെ കുടുക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ച് കെണിയൊരുക്കി കാത്തിരിക്കുന്നതിനിടെയാണ് ഇവിടെനിന്ന് അകലെയായി പാറക്കടവില്‍ കുറുക്കനെ പുലി കൊന്നു തിന്നത്. ഇവിടെ പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തി. വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയില്‍ കണ്ടതും പുലിയുടെ ആക്രമണമെന്നാണ് സൂചന. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ പുലിയെ കൂടിനടുത്തേക്ക്് ആകര്‍ഷിക്കാന്‍ ഇതിനു സമീപത്തു തന്നെ ഇന്നലെ മറ്റൊരു കൂടു സജ്ജമാക്കി അതില്‍ ആടിനെ കെട്ടിയിട്ടു. ആടിന്റെ കരച്ചില്‍ കേട്ട് പുലിയെത്തുമെന്നും സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കൂട്ടില്‍ കയറുമെന്നാണ് വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനം. പുലിയെ വീഴ്ത്താനായി തയാറാക്കിയിരിക്കുന്ന കൂട്ടില്‍ ചത്ത കോഴിയെ ആണ് ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇട്ട ചത്ത കോഴിയെ മാറ്റി വേറെ കോഴിയെ ഇട്ടു. പുലി ഉടന്‍ തന്നെ കൂട്ടിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുട്ടം റേഞ്ച് ഓഫീസര്‍ പറഞ്ഞു.

രണ്ടു മാസത്തിലേറെയായി കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖല പുലിയുടെ ഭീതിയിലാണ്. ഇവിടെ ഒട്ടേറെ വളര്‍ത്തു മൃഗങ്ങളെയാണ് പുലി കൊന്നത്. കൂടാതെ പ്രദേശവാസികളായ പലരും പുലിയോട് സമാനമായ ജീവിയെ കാണുകയും ചെയ്തു. കഴിഞ്ഞ 16ന് വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. തുടര്‍ന്നാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നെത്തിച്ച കൂട് ഇവിടെ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!