ChuttuvattomThodupuzha

വിളഞ്ഞ പാടത്തേക്ക് വെള്ളം തുറന്ന് വിട്ട് വാട്ടര്‍ അതോറിറ്റി ; പ്രതിസന്ധിയിലായി കര്‍ഷകര്‍

തൊടുപുഴ : കൊയ്ത്തിന് പാകമായ പാടത്തേക്ക് വാട്ടര്‍ അതോറിട്ടി വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോടിക്കുളം മേവള്ളി പാടത്തേക്ക് അപ്രതീക്ഷിതമായി വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് ലൈനില്‍ നിന്ന് വെള്ളമൊഴുകിയെത്തിയത്. കര്‍ഷകരായ മൈക്കിള്‍ ഓലിയാങ്കല്‍, ജോസഫ് ഓലിയാങ്കല്‍, റോബിന്‍, ബാബു എന്നിവരുടെ പാടത്താണ് വെള്ളം കയറിയത്. ഉയരത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെല്ല് തറനിരപ്പിലേക്ക് വീണ് പോയി. ഇതേ തുടര്‍ന്ന് കൊയ്ത്ത് മുടങ്ങുകയും ചെയ്തു. വെള്ളമൊഴുകിയെത്തിയത് രാത്രിയിലായതിനാല്‍ ഇത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടില്ല . ഇന്നലെ പകല്‍ സമയത്ത് പോലും വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയിട്ടില്ല. വരും ദിവസങ്ങളില്‍ പാടത്ത് നിന്ന് വെള്ളം പൂര്‍ണ്ണമായും വലിഞ്ഞതിന് ശേഷം മാത്രമേ നെല്ല് കൊയ്‌തെടുക്കാനാവൂ. അപ്പോഴേക്കും നെല്ല് ചീഞ്ഞഴുകുമോയെന്ന ആശങ്കയുമുണ്ട്. മുമ്പും വാട്ടര്‍ അതോറിട്ടി ഇത്തരത്തില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ടത് മൂലം നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. അതേ സമയം പൈപ്പ് ലൈന്‍ കടന്ന് പോകുന്ന ചില സ്ഥലങ്ങളില്‍ വെള്ളമെത്താത്തതിനാല്‍ നടത്തിയ അറ്റകുറ്റപണിക്കിടെയാണ് പാടത്തേക്ക് വെള്ളം കയറിയതെന്നാണ് അധികൃതരുടെ നിലപാട്. പ്രതിസന്ധികള്‍ക്ക് നടുവിലും കൃഷി മുമ്പോട്ടു കൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഇത്തരം നടപടികള്‍ നെല്‍കൃഷിക്ക് തന്നെ തിരിച്ചടിയാണെന്ന് കര്‍ഷകര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!