ChuttuvattomThodupuzha

തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ബസുണ്ട് ; ഓടിക്കാന്‍ ആളില്ല

തൊടുപുഴ : വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ നിലവിലുള്ള സര്‍വീസുകള്‍ പോലും ഓടിക്കാന്‍ കഴിയാതെ തൊടുപുഴ കെഎസ് ആര്‍ടിസി ഡിപ്പോ അധികൃതര്‍.സര്‍വീസ് നടത്താന്‍ ബസുകള്‍ ഉണ്ടെങ്കിലും വാഹനത്തില്‍ പോകാന്‍ ഡ്രൈവര്‍മാരില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 25 ഡ്രൈവര്‍മാരുടെ കുറവാണ് നിലവില്‍ തൊടുപുഴ ഡിപ്പോയില്‍ ഉള്ളത്. പല ഡ്രൈവര്‍മാരും അവധി എടുക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടിക്ക് എത്തുന്നതിനാലാണ് സര്‍വീസുകള്‍ പലതും മുടക്കം കൂടാതെ പോകുന്നത്. ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചതിന്റെ പേരില്‍ ഏതാനും ഡ്രൈവര്‍മാരെ അടുത്ത നാളില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിസന്ധി രൂക്ഷമായി. ഒരു ഡ്രൈവര്‍ വന്നില്ലെങ്കില്‍ പകരം നിയോഗിക്കാന്‍ ആളില്ലാത്തതാണ് പല സര്‍വീസുകളും മുടങ്ങാന്‍ കാരണം.

അതേസമയം തലേ ദിവസം മദ്യപിച്ചവരെ പരിശോധിച്ചാണ് നടപടി എടുക്കുന്നതെന്നാണ് ജീവനക്കാരുടെ ആക്ഷേപം. ആല്‍ക്കഹോളിന്റെ അളവ് 10ല്‍ താഴെ ഉള്ളവരെ വരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. ഹോമിയോ ഗുളിക കഴിച്ച ഡ്രൈവറെയും കഴിഞ്ഞ ദിവസം ആല്‍ക്കഹോളിന്റെ പേരില്‍ പിടികൂടിയതായി ജീവനക്കാര്‍ ആരോപിക്കുന്നു.തൊടുപുഴ മേഖലയില്‍ ഗ്രാമീണ റൂട്ടുകളില്‍ സര്‍വീസ് ആരംഭിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാദുരിതം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനു രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ട്. എന്നാല്‍ പുതിയ സര്‍വീസ് ആരംഭിക്കാന്‍ നടപടിയില്ലെന്ന് മാത്രമല്ല നിലവില്‍ ഇത്തരം റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ പോലും കൃത്യമായി സര്‍വീസ് നടത്താന്‍ കഴിയുന്നില്ല.

മികച്ച കളക്ഷന്‍ ലഭിക്കുന്ന എറണാകുളം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസും വൈക്കം, ചേലച്ചുവട് റൂട്ടുകളിലെ ഓര്‍ഡിനറി ബസുകളും ഡ്രൈവര്‍മാരില്ലെന്ന കാരണത്താല്‍ പതിവായി മുടങ്ങുകയാണ്. നാല് ബസുകള്‍ മുടങ്ങുന്നത് വഴി ദിവസം 60,000 രൂപയുടെ കളക്ഷന്‍ കുറവാണ് തൊടുപുഴയുടെ വരുമാനത്തില്‍ ഉണ്ടാകുന്നത്. തൊടുപുഴ ഡിപ്പോയില്‍നിന്ന് ഉണ്ടായിരുന്ന ഒരു ഡസനിലേറെ ഓര്‍ഡിനറി സര്‍വീസുകള്‍ കോവിഡിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയതാണ്. ഇവിടെയുണ്ടായിരുന്ന ബസുകളും മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടു പോയി. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെങ്കിലും നേരത്തേ ഓടിച്ചിരുന്ന ചില റൂട്ടുകളില്‍ പേരിനു മാത്രം ഏതാനും ട്രിപ്പുകള്‍ മാത്രം ഓടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

തൊടുപുഴയില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെഎസ്്ആര്‍ടിസി ഡിപ്പോ ഉദ്ഘാടനം ചെയ്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇവിടേക്ക് പുതിയ ബസുകള്‍ എത്തിക്കുന്നതിനോ നിലവില്‍ ഉണ്ടായിരുന്ന ഗ്രാമീണ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനോ ഉള്ള നടപടികള്‍ ഉണ്ടാകുന്നില്ല. പുതിയ ഡിപ്പോ ഉദ്ഘാടന വേളയില്‍ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം പഴയ ഓര്‍ഡിനറി സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി പ്രഖ്യാപിച്ചതാണ്. ഇതെല്ലാം പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. അഞ്ചിരി ആനക്കയം, മുള്ളരിങ്ങാട്, ചെപ്പുകുളം, മണക്കാട് -മൂവാറ്റുപുഴ, ഏഴല്ലൂര്‍, മേത്തൊട്ടി തുടങ്ങിയ റൂട്ടുകളിലാണ് യാത്ര ദുരിതം ഏറെ. സ്വകാര്യ ബസുകളെ ഒഴിവാക്കി കെഎസ്ആര്‍ടിസി കുത്തകയാക്കിയ വൈക്കം റൂട്ടിലും യാത്രക്കാര്‍ക്ക് ദുരിത യാത്രയാണ്.

 

Related Articles

Back to top button
error: Content is protected !!