ChuttuvattomThodupuzha

ചെപ്പുകുളം – മൂലേക്കാട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തം

പെരിങ്ങാശേരി : ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയോര മേഖലയിലുള്‍പ്പെടുന്നതും നിരവധിയാളുകള്‍ ആശ്രയിക്കുന്നതുമായ ചെപ്പുകുളം – മൂലേക്കാട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. കേവലം 750 മീറ്റര്‍ ദൂരം മാത്രമാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ളത്. നിലവില്‍ ചെപ്പുകുളം സിഎസ്‌ഐ പള്ളിക്ക് സമീപം വരെ പൊതുമരാമത്ത് വക റോഡാണ്. ഇവിടെ വരെ ബസ് സര്‍വീസുമുണ്ട്. തുടര്‍ന്നുള്ള ഉപ്പുകുന്ന് മൂലേക്കാട് വരെയുള്ള രണ്ട് കിലോ മീറ്റര്‍ ദൂരം പഞ്ചായത്ത് റോഡാണ്. ഇതില്‍ ഇടവിട്ടുള്ള ചിലയിടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്.

പലയിടങ്ങളിലായി 750-മീറ്ററോളം ഭാഗമാണ് ഇനി നന്നാക്കാനുള്ളത്. വര്‍ഷങ്ങളായിട്ടും റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തകര്‍ന്ന റോഡ് നന്നാക്കുകയോ അല്ലാത്തപക്ഷം റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിന് വീതി കൂട്ടി നല്ല നിലവാരത്തില്‍ നിര്‍മ്മിച്ചാല്‍ തൊടുപുഴയില്‍ നിന്നും കരിമണ്ണൂര്‍, ചെപ്പുകുളം സിഎസ്‌ഐ പള്ളി, മൂലേക്കാട്, റേഷന്‍കട പടി, പെരിങ്ങാശേരി, ചീനിക്കുഴി, ഉടുമ്പന്നൂര്‍ വഴി വീണ്ടും കരിമണ്ണൂര്‍ എത്തി തൊടുപുഴയ്ക്ക് ബസ് സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ഇത് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ഉള്‍ഗ്രാമങ്ങളിലെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

 

Related Articles

Back to top button
error: Content is protected !!