Local LiveMoolammattam

ആദിവാസി മേഖലയായ പതിപ്പള്ളിയിലെ മേമുട്ടം റോഡിന്റെ ദുരിതം കാണാന്‍ ആരുമില്ല ; ബുദ്ധിമുട്ടിലായി ആദിവാസി സമൂഹം

മൂലമറ്റം : അറക്കുളം പഞ്ചായത്തിലെ ആദിവാസി മേഖലയായ പതിപ്പള്ളിയിലെ മേമുട്ടം റോഡിന്റെ ദുരിതം കാണാന്‍ ആരുമില്ല. റോഡിന് വീതിയില്ലാത്തതിനാല്‍ ഇവിടെ ഓടയും ഇല്ല. മഴ പെയ്താല്‍ ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം റോഡ് നശിക്കുകയും വാഹനങ്ങള്‍ക്ക് സഞ്ചരാക്കാനാവാത്ത സ്ഥിതിയുമാണ്. മൂലമറ്റം പതിപ്പള്ളി മേമുട്ടം റോഡും മൂലമറ്റം കോട്ടമല റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. രണ്ട് കിലോമീറ്റര്‍ മാത്രം ദൂരമുള്ള റോഡില്‍ കോണ്‍ക്രീറ്റോ, ടാറിംഗോ നടത്തിയില്ലങ്കില്‍ അടുത്ത മഴക്കാലത്ത് റോഡ് തകരും.

റോഡ് തകര്‍ന്നാല്‍ നൂറ്റമ്പതോളം ആദിവാസി കുടംബങ്ങളുടെ യാത്ര ദുരിതത്തിലാവും. മന്ത്രിയും എംഎല്‍എ മാരും എംപിയുമടക്കം ത്രിതല പഞ്ചായത്തംഗങ്ങള്‍ പോലും തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു.പതിപ്പള്ളി മേഖലയിലെ കുട്ടികള്‍ നടന്നും ട്രിപ്പ് ജീപ്പുകളിലുമാണ് സ്‌കൂളില്‍ പോകുന്നത്. മഴക്കാലമായാല്‍ സ്‌കൂളില്‍ പോകുവാന്‍ പോലും സാധിക്കാത്ത സ്ഥിതിയാകും. കോടി കണക്കിന് രൂപ എസ്.ടി ഫണ്ട് ഉണ്ടെങ്കിലും ആദിവാസിമേഖലയുടെ വികസനത്തിനായി പണം മുടക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ല. എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമുണ്ടാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആദിവാസി സമൂഹത്തിന്റെ ആവശ്യം.

Related Articles

Back to top button
error: Content is protected !!