Thodupuzha

വാങ്ങാത്ത സാധനങ്ങൾ വാങ്ങിയതായി റേഷൻ കാർഡിൽ രേഖപ്പെടുത്തി; കടയുടമക്കെതിരെ നടപടി

തൊടുപുഴ: റേഷൻകടയിൽ നിന്ന് സൗജന്യ ഓണക്കിറ്റ് മാത്രം വാങ്ങിയ വീട്ടമ്മയ്ക്ക് അരിയും മണ്ണെണ്ണയും കൂടി നൽകിയതായി രേഖപ്പെടുത്തി കടയുടമ തട്ടിപ്പു നടത്തിയെന്ന പരാതിയിൽ നടപടി. തൊടുപുഴ ഇടുക്കി റോഡിൽ പ്രവർത്തിക്കുന്ന റേഷൻ കടയുടെ ലൈസൻസിയായ എ.കെ. അഷ്റഫിൽ നിന്ന്, വാങ്ങാതെ ബില്ലടിച്ച റേഷൻ സാധനങ്ങളുടെ വിലയും കൂടാതെ പിഴയും ഈടാക്കി. ചുങ്കം കാവനാൽ സുഭദ്ര ഷാജി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിലിനു നൽകിയ പരാതിയിലാണ് നടപടി. പരാതി സംബന്ധിച്ച് റേഷനിങ് ഇൻസ്പെക്ടർ മുഖാന്തരം അന്വേഷണം നടത്തി സത്യമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നു താലൂക്ക് സപ്ലൈ ഓഫീസർ ബൈജു.കെ. ബാലൻ പറഞ്ഞു. സെപ്റ്റംബർ ഏഴിനാണ് സുഭദ്ര റേഷൻ കടയിൽ നിന്ന് ഓണക്കിറ്റ് വാങ്ങിയത്. പിന്നീട് മൊബൈൽ ഫോണിൽ ഇതു സംബന്ധിച്ച എസ്എംഎസ് കണ്ടപ്പോഴാണ് സൗജന്യ ഭക്ഷ്യക്കിറ്റിന്റെ കൂടെ വാങ്ങാത്ത രണ്ട് കിലോഗ്രാം മട്ട അരിയും അര ലിറ്റർ മണ്ണെണ്ണയും കൂടി വാങ്ങിയെന്ന് രേഖപ്പെടുത്തിയതായി ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം അന്വേഷിച്ച് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കടയുടമ മോശമായി പെരുമാറിയതായും ഇതേത്തുടർന്ന് പരാതി നൽകുകയായിരുന്നുവെന്നും സുഭദ്ര പറഞ്ഞു.

Related Articles

Back to top button
error: Content is protected !!