Thodupuzha

ഇ.എസ്.ഐ ആശുപത്രി ഇടുക്കിക്ക്  ലഭിച്ച സമ്മാനം: ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: മലയോര മേഖലയില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പ് വരുത്തുന്ന ഇ.എസ്.ഐ ആശുപത്രി ഇടുക്കി ജില്ലക്ക് ലഭിച്ച സമ്മാനമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി നടത്തിയ നിരന്തരമായ പരിശ്രമവും അതിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അനുകൂലമായ നിലപാട് സ്വീകരിച്ചതുമാണ് പദ്ധതി അനുവദിക്കപ്പെടാന്‍ കാരണമായതെന്നും എം.പി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ മാറ്റിയ നയപരമായ തീരുമാനമാണ് 100 ബെഡ് ആശുപത്രിക്ക് സഹായകരമായത്. ഇടുക്കിയില്‍ ഇ.എസ്.ഐ ആനുകൂല്യമുള്ള തൊഴിലാളികളുടെ ഐ.പി നമ്പര്‍ (ഇന്‍ഷ്വര്‍ഡ് പേഴ്‌സണ്‍)18000 ആണ് . മലയോര മേഖലയില്‍ ഐ.പി നമ്പര്‍ 15000 മിനിമമായി കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നിശ്ചയിച്ചത് ആണ് ഇടുക്കിക്ക് 100 ബെഡ് ആശുപത്രി അനുവദിക്കപ്പെടാന്‍ സഹായകരമായി മാറിയത്. കേന്ദ്ര സര്‍ക്കാര്‍ അടുത്തയിടെ പാസാക്കിയ തൊഴില്‍ നിയമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്‌ക്കരണം അസംഘടിത മേഖലയിലേയും, തോട്ടം തൊഴിലാളികള്‍ക്കും ഇ.എസ്.ഐ ആനുകൂല്യം നല്‍കുകയെന്നതായിരുന്നു. ഇതു സംബന്ധിച്ച് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനു ചുവടു പിടിച്ച് കേരളത്തിലും നിയമ നിര്‍മ്മാണമുണ്ടാകും. അതോടെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കുപ്പടെ എല്ലാ വിഭാഗം വിദഗ്ധ ചികിത്സയും ഇ.എസ്.ഐ ആശുപത്രിയില്‍ ലഭ്യമാകും.ഭാവിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കാനും സാധിക്കും.

കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ആശുപത്രി തുടങ്ങുന്നതിനായി 4 ഏക്കര്‍ സ്ഥലം ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. സ്ഥലം ഇ.എസ്.ഐ കോര്‍പ്പറേഷനു കൈമാറ്റം ചെയ്തതിനു ശേഷം 2023 ല്‍ തന്നെ പദ്ധതിയുടെ തറക്കല്ലിടും. 2 വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും.2 ദിവസക്കാലമായി ഡല്‍ഹിയില്‍, തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇ.എസ്.ഐ ബോര്‍ഡ് യോഗം ആണ് ആശുപത്രിക്ക് അന്തിമ അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിച്ച കേന്ദ്ര തൊഴില്‍ വകുപ് മന്ത്രി ഭൂപേന്ദ്ര യാദവിനും ഇ.എസ്.ഐ കോര്‍പ്പറേഷനും നന്ദി രേഖപ്പെടുത്തുന്നതായും ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!