Thodupuzha

കാണാതായ വിദ്യാര്‍ഥികളെ കണ്ട് കിട്ടി

തൊടുപുഴ: എറണാകുളം ജില്ലാ അതിര്‍ത്തിക്കുള്ളിലും തൊടുപുഴ നഗരത്തിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നിന്നും കാണാതായ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. എറണാകുളത്തുള്ള പ്രമുഖ ഷോപ്പിങ് മാളില്‍ നിന്നാണ് ഇന്ന് വൈകിട്ട് നാലോടെ കുട്ടികളെ കണ്ടെത്തിയത്. ബുധനാഴ്ച്ച മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍. മധു ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും മൂവാറ്റുപുഴ വരെ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭ്യമായിട്ടില്ല. ഇതിനിടെ കുട്ടികളിലൊരാളുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് 30000 രൂപാ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഇന്ന് വീണ്ടും എറണാകുളം കേന്ദ്രീകരിച്ച് മൊബൈല്‍ സിഗ്‌നല്‍ ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇതിന് സമീപത്തെ ആരാധനാലയത്തില്‍ ബുധനാഴ്ച്ച രാത്രി തങ്ങിയെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തൊടുപുഴയില്‍ നിന്നുള്ള പോലീസ് സംഘം എറണാകുളത്തെത്തി കുട്ടികളെ നാട്ടിലെത്തിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു.പി.ബാബു, എ.എസ്.ഐ മാരായ ഉണ്ണി കൃഷ്ണന്‍ പി.ആര്‍, ഷംസുദ്ദീന്‍ ടി.എം, എസ്.സി.പി.ഒ ടി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!