Moolammattam

ജനറേറ്ററില്‍ അറ്റകുറ്റ പണി; ഇടുക്കി വൈദ്യുതി നിലയം എട്ട് മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തി വച്ചു

മൂലമറ്റം: ജനറേറ്ററുമായി ബന്ധപ്പെട്ട അറ്റകുറ്റ പണികള്‍ക്കായി ഇടുക്കി വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം എട്ട് മണിക്കൂര്‍ നിര്‍ത്തി വച്ചു. ജനറേറ്ററുകളുടെ സുരക്ഷക്കായുള്ള പ്രൊട്ടക്ഷന്‍ ഡി.സി (ഡൈറക്ട് കറന്റ്) സ്ഥാപിക്കുന്നതിനായിട്ടാണ് മൂലമറ്റത്തുള്ള വൈദ്യുതി നിലയത്തിന്റെ ഉല്‍പാദനം താല്‍ക്കാലികമായി നിര്‍ത്തിയത്. പവര്‍ ഹൗസിലെ എല്ലാ ജനറേറ്ററുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിയാല്‍ മാത്രമെ പ്രൊട്ടക്ഷന്‍ ഡി.സി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു. നിലവിലുള്ള പ്രൊട്ടക്ഷന്‍ ഡി.സിക്ക് തകരാര്‍ സംഭവിച്ചാല്‍ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റൊന്ന് സ്ഥാപിക്കുകയാണ് ചെയ്തത്. 2021 ഡിസംബറില്‍ പ്രൊട്ടക്ഷന്‍ ഡി.സിക്ക് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന്് ആറ് ജനറേറ്ററുകളുടേയും പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതായി വന്നിരുന്നു. ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായാണ് പുതിയത് കൂടി സ്ഥാപിച്ചത്. ഇന്നലെ രാവിലെ ആറ് മുതല്‍ തുടങ്ങിയ ജോലികള്‍ വൈകിട്ട് നാലോടെ അവസാനിച്ചു. അവധി ദിനമായതിനാല്‍ വൈദ്യുതി ഉപഭോഗം കുറവായിരുന്നതിനാലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കിയിരുന്നതിനാലും സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിന് പൂര്‍ണമായും തടസപ്പെട്ടില്ല

Related Articles

Back to top button
error: Content is protected !!