Thodupuzha

അനധികൃത വഴിയോര കച്ചവടം: ഒഴിപ്പിക്കാനൊരുങ്ങി അധികൃതര്‍

തൊടുപുഴ: നഗരത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ നഗരസഭ, പിഡബ്ല്യുഡി അധികൃതര്‍ നടപടി ആരംഭിച്ചു. നഗരത്തിലെ റോഡുകള്‍ നവീകരിക്കുന്നതിനാലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലുമാണ് അധികൃതര്‍ നടപടി തുടങ്ങിയത്. പല തവണ അധികൃതര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുകയും പാതയോരം കൈയേറിയുള്ള കച്ചവടം ഒഴിപ്പിക്കുകയും ചെയ്തിട്ടും വീണ്ടും അനധികൃത കച്ചവടം നിയന്ത്രണമില്ലാതെ തുടരുകയാണ്. അനധികൃത കച്ചവടങ്ങള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കി. നഗരസഭ, പൊതുമരാമത്ത് വകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്നലെ സംയുക്തമായാണ് വിവിധയിടങ്ങളില്‍ പരിശോധനയും നടത്തി. വെങ്ങല്ലൂര്‍-കോലാനി ബൈപാസ്, അമ്പലം ബൈപാസ്, മുല്ലയ്ക്കല്‍ ജംഗ്ഷന്‍, കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ് എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവിടെ പാതയോരങ്ങളില്‍ ഒട്ടേറെ കൈയേറ്റങ്ങള്‍ കണ്ടെത്തി. വഴിയോരക്കച്ചവടക്കാരെ നിയമപരമായി സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി നഗരസഭ നിശ്ചയിച്ചിരിക്കുന്ന ഇടങ്ങളില്‍ കച്ചവടം ചെയ്തുവരുന്ന ആളുകള്‍ക്ക് കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതു കൂടാതെയാണ് അനധികൃത വഴിയോര കച്ചവടം നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!