ChuttuvattomThodupuzha

നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ ജില്ലാ കവാടമായ തൊടുപുഴ ഒരുങ്ങി

തൊടുപുഴ: നവകേരള സദസ്സിനെ വരവേല്‍ക്കാന്‍ ജില്ലാ കവാടമായ തൊടുപുഴ ഒരുങ്ങി. ജില്ലയിലെ ആദ്യ കേന്ദ്രമായ തൊടുപുഴ മണ്ഡലത്തില്‍ എല്ലാ സജ്ജീകരണങ്ങളും ധ്രുതഗതിയില്‍ പൂര്‍ത്തിയാകുകയാണെന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവും  പറഞ്ഞു. 12 പഞ്ചായത്തുകളും ഒരു ബ്ലോക്ക് പഞ്ചായത്തും ഒരു നഗരസഭയും അടങ്ങുന്ന തൊടുപുഴ മണ്ഡലത്തില്‍ 20,000ലേറെ പേര്‍ സദസ്സില്‍ പങ്കെടുക്കും. നഗരസഭയില്‍നിന്ന് മാത്രം 5000പേരെത്തും.
ജില്ലാ അതിര്‍ത്തിയായ അച്ചന്‍കവലയില്‍നിന്ന് വലിയ ജനാവലിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ച് ഗാന്ധി സ്‍ക്വയറിലെ പഴയ ബസ് സ്റ്റാൻഡ് മൈതാനത്തെ സദസ്സ് വേദിയിലെത്തിക്കും. വൈകിട്ട് ആറിന് തന്നെ മുഖ്യമന്ത്രിയെത്തി സദസ്സ് ആരംഭിക്കും. മൂന്ന് മന്ത്രിമാര്‍ നേരത്തെയെത്തി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. രാത്രി എട്ടിന് സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കും.

ചിട്ടയോടെ ഒരുക്കങ്ങള്‍

നിവേദനങ്ങള്‍ സ്വീകരിക്കാൻ വേദിയുടെ പിന്നിലായി 20കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു കൗണ്ടറില്‍ മൂന്ന് ജീവനക്കാര്‍ വീതമുണ്ടാകും. വൈകിട്ട് മൂന്നുമുതല്‍ പരാതികളും നിവേദനങ്ങളും സ്വീകരിക്കും. സദസ്സ് അവസാനിച്ചാലും എത്തുന്ന എല്ലാവരുടെയും നിവേദനം സ്വീകരിച്ച ശേഷമേ കൗണ്ടര്‍ അടയ്‍ക്കൂ. ഭിന്നശേഷിക്കാര്‍ക്കും വനിതകള്‍ക്കും പ്രായമായവര്‍ക്കുമായി മൂന്ന് കൗണ്ടര്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇത്രയും ജനം നഗരത്തിലെത്തുമ്പോള്‍ ബുദ്ധിമുട്ടുകളേതുമില്ലാതെ പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഗതാഗത ക്രമീകരണം സംബന്ധിച്ച നടപടികള്‍ പൊലീസ് സ്വീകരിക്കും. സദസ്സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി കുടിവെള്ളം, ചുക്കു കാപ്പി, ഏത്തപ്പഴം, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്.

Related Articles

Back to top button
error: Content is protected !!