Thodupuzha

നിധിനും ജീവിക്കണം എല്ലാവരെയും പോലെ… കാന്‍സര്‍ ബാധിച്ച 25കാരന്‍ കനിവ് തേടുന്നു

തൊടുപുഴ: എല്ലാവരെയും പോലെ ജോലി ചെയ്ത് അന്തസോടെ കുടുംബം പോറ്റണമെന്നായിരുന്നു നിധിന്റെ ആഗ്രഹം. എന്നാല്‍ വിധി ഈ 25കാരനെ അതിന് അനുവദിച്ചില്ല. കഴിഞ്ഞ വര്‍ഷം മേയില്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കുന്നതിനിടെയാണ് തൊടുപുഴ പെരുമ്പിള്ളിച്ചിറ കടുവാക്കുഴിയില്‍ നിധിന്റെ ജീവിതത്തില്‍ വില്ലനായി കാന്‍സറെത്തുന്നത്. ആദ്യം ഇടത് കൈയില്‍ ഒരു ചെറിയ മുഴയായിട്ടായിരുന്നു തുടക്കം. ആലുവ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ മസിലിന്റെ തകരാര്‍ ആണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെങ്കിലും ഭേദമായില്ല. തുടര്‍ന്ന് തൊടുപുഴ ആയുര്‍വേദ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും വേദന കൂടി വന്നതല്ലാതെ മാറ്റമൊന്നുമുണ്ടായില്ല. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ നിധിനെ ബാധിച്ചത് സാര്‍ക്കോമയെന്ന അപൂര്‍വ കാന്‍സറാണെന്ന് കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു. രോഗം മൂന്നാം ഘട്ടത്തിലെത്തിയതിനാല്‍ കൈ മുറിച്ച് മാറ്റുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് ഇടതു കൈമുട്ടിന് മുകളില്‍ വച്ച് മുറിച്ചു മാറ്റി. തുടര്‍ന്ന് ആറ് കോഴ്സ് കീമോ തെറാപ്പി ചെയ്തു. ചികിത്സ തുടരുകയാണ്. ഇനി മുറിച്ച കൈയ്ക്ക് പകരമായി കൃത്രിമകൈ വയ്ക്കണം. അതിന് ഏഴ് ലക്ഷം രൂപയടുത്ത് ചെലവ് വരും. ഇതുവരെയുള്ള ചികിത്സയ്ക്കും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഈ നിര്‍ദ്ധന കുടുംബത്തിന് ചെലവായത്. അതും സുമനസുകളുടെ സഹായത്താല്‍. ഇനിയുള്ള ചികിത്സയ്ക്കും പണം വേണം. പ്രായമായ അച്ഛന്‍ തങ്കപ്പനും അമ്മ ഓമനയും രോഗികളാണ്. അതിനാല്‍ കൂലിപ്പണിക്കാരനായ അച്ഛനും തയ്യല്‍ ജോലി ചെയ്തിരുന്ന അമ്മയ്ക്കും ഇപ്പോള്‍ ജോലി ചെയ്യാനാകുന്നില്ല. ദൈനംദിന ചെലവുകള്‍ക്ക് തന്നെ ഇപ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ് കുടുംബം. തനിക്ക് കൃത്രിമ കൈ വയ്ക്കാനായാല്‍ പഠിച്ച ജോലി തന്നെ ചെയ്യാനാകുമെന്ന ആത്മവിശ്വാസം നിധിനുണ്ട്. അതിന് പക്ഷേ, നല്ലവരായ ജനങ്ങളുടെ സഹായം വേണം. ചികിത്സാ സഹായത്തിനായി യൂണിയന്‍ ബാങ്ക് കുമാരമംഗലം ശാഖയില്‍ നിധിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

 

അക്കൗണ്ട് വിവരം:

നിധിന്‍ കെ. തങ്കപ്പന്‍

അക്കൗണ്ട് നമ്പര്‍: 445402010012260

യൂണിയന്‍ ബാങ്ക്, കുമാരമംഗലം ശാഖ

ഐ.എഫ്.എസ്.സി കോഡ്: യു.ബി.ഐ.എന്‍- 0544540

 

ഗൂഗിള്‍പേ/ ഫോണ്‍ പേ: 9895710795

 

കൂടുതല്‍ വിവരങ്ങള്‍ക്ക് നിധിന്റെ ഫോണ്‍ നമ്പര്‍: 9895710795, 6235378196.

 

Related Articles

Back to top button
error: Content is protected !!