Thodupuzha

തോക്കുപാറ യു പി സ്‌കൂളില്‍ മാതൃകാ പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു

തോക്കുപാറ: തോക്കുപാറ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മാതൃകാ പ്രീപ്രൈമറിയുടെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തുന്നുണ്ടെന്ന് എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചുബിജു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രീ പ്രൈമറിക്ക് ആവശ്യമായ രൂപങ്ങളും മറ്റും നിര്‍മ്മിച്ച പ്രധാന ശില്‍പ്പി രാജുവിനെയും ചിത്രകാരി രതിയെയും ചടങ്ങില്‍ അനുമോദിച്ചു. പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
3 വയസ്സ് മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 30 തീമുകളെ അടിസ്ഥാനമാക്കി പഠന പിന്തുണാ സംവിധാനങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രം, ഗണിതം, വായന, സംഗീതം, ചിത്രരചന, അഭിനയം, നിര്‍മ്മാണം തുടങ്ങിയവയ്ക്കായി സജ്ജീകരിച്ച 7 ഇടങ്ങളും ബഹുമുഖ ബുദ്ധിവികാസത്തിനും അനുഭവാധിഷ്ഠിത പഠനത്തിനുമായി ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ് മുറികള്‍, ഔഷധത്തോട്ടം, ശലഭപാര്‍ക്ക്, കൃഷി സ്ഥലം, മധുരവനം എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളയുടെ 15 ലക്ഷം രൂപയും പി.ടി.എയുടെ 3 ലക്ഷവും ഉള്‍പ്പെടെ 18 ലക്ഷം രൂപ വിനിയോഗിച്ചാണ് മാതൃകാ പ്രീപ്രൈമറി നിര്‍മ്മാണം നടത്തിയത്. ക്ലാസിനകത്തും പുറത്തും കണ്ടും കേട്ടും അനുഭവിച്ചും പ്രാഥമികഘട്ടത്തില്‍ കുട്ടികള്‍ നേടേണ്ട ശേഷികള്‍ കൈവരിക്കാന്‍ പ്രാപ്തരാക്കുകയെന്നതാണ് മാതൃകാ പ്രീപ്രൈമറിയുടെ ലക്ഷ്യം.
പരിപാടിയില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, പി ടി എ, എം പി ടി എ ഭാരവാഹികള്‍, സ്‌കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!