ChuttuvattomThodupuzha

വാഴക്കുളം ബൈബിള്‍ കണ്‍വന്‍ഷന്‍ : വചന പ്രഘോഷണം നടത്തി ഫാ.മാത്യു വയലാമണ്ണില്‍

വാഴക്കുളം: ജീവിതത്തിന്റെ വിവിധങ്ങളായ പ്രതിസന്ധികളില്‍ ശരീരവും മനസും കുനിഞ്ഞു പോയവരെ ദൈവം ഉയര്‍ത്തുമെന്ന് വയനാട് വടുവന്‍ചാല്‍ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.മാത്യു വയലാമണ്ണില്‍. വാഴക്കുളം കര്‍മ്മല ആശ്രമ ദൈവാലയത്തിലെ കാര്‍മല്‍ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാര്‍മല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന വാഴക്കുളം ബൈബിള്‍ കണ്‍വന്‍ഷനില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവസന്നിധിയിലെത്തുന്നവരെ അരികില്‍ ചേര്‍ത്ത് തളര്‍ന്നു നിന്ന സ്ഥലത്തു തന്നെ ഉയര്‍ത്തി നേരെ നിര്‍ത്തുന്ന ശക്തനാണ് ദൈവം. വചനം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നവരെ ദൈവം അനുഗ്രഹിച്ച് കൈപിടിച്ച് നടത്തുമെന്നും വചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ബൈബിള്‍ കണ്‍വന്‍ഷനില്‍ ശനിയാഴ്ച വൈകുന്നേരം 5 ന് പ്രാര്‍ത്ഥനാ ഗ്രൂപ്പ് മുന്‍ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വെട്ടിക്കുഴി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, വിവിധ പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തും. സമാപന ദിവസമായ ഞായറാഴ്ച വൈകുന്നേരം 4.30 ന് ജപമാല. തുടര്‍ന്ന് സിഎംഐ കോണ്‍ഗ്രിഗേഷന്‍ വികാരി ജനറല്‍ ഫാ.ജോസി താമരശേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 9.30ന് സമാപനത്തോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു മഞ്ഞക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

 

 

Related Articles

Back to top button
error: Content is protected !!