ChuttuvattomIdukkiThodupuzha

ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ കട്ടപ്പുറത്ത്; വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

തൊടുപുഴ: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുളള ഭൂരിഭാഗം വാഹനങ്ങളും കട്ടപ്പുറത്ത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഓടിക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ കൂടുതല്‍ വാഹനങ്ങളും കട്ടപ്പുറത്തായത്. ആരോഗ്യ വകുപ്പിന്റെ 47 വാഹനങ്ങളില്‍ 32 എണ്ണമാണ് കട്ടപ്പുറത്തിരിക്കുന്നത്. ഇതുമൂലം ഗവ. ആശുപത്രികളില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.എന്നാല്‍ പഴയ വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആരോഗ്യ വകുപ്പ് മുന്‍കൈയെടുക്കുന്നില്ലെന്നാണു പരാതി. വാഹനങ്ങള്‍ ഇല്ലാതായതോടെ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. വാഹനങ്ങളില്ലാത്തതുമൂലം പല മേഖലകളിലും അവശ്യമരുന്നുകള്‍ എത്തിക്കാന്‍പോലും കാലതാമസം നേരിടുന്നതായി ആക്ഷേപമുണ്ട്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവശ്യസേവനത്തിനായി ജില്ലയുടെ എല്ലാ മേഖലകളിലേക്കും ഓടിയെത്താനുള്ള വാഹനങ്ങളാണ് കാലപ്പഴക്കംമൂലം കട്ടപ്പുറത്തായത്. മഴക്കാലത്തും മറ്റും വാഹനങ്ങള്‍ ഏറ്റവുമധികം ആവശ്യമായി വരുന്ന വകുപ്പാണ് ആരോഗ്യ വകുപ്പ്. രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പലയിടത്തും ഓടിയെത്തേണ്ടിവരും. കൂടാതെ ദുരന്തങ്ങളുണ്ടായാലും ഇവരുടെ സേവനം അടിയന്തരമായി അവിടെ വേണ്ടി വരും. എന്നാല്‍ വാഹനങ്ങളുടെ കുറവ് ഇതിനെല്ലാം തടസമാകുന്ന സ്ഥിതിയാണ്. ജില്ലയിലെ ആദിവാസി കുടികളിലും തോട്ടം മേഖലയിലും ഉള്‍പ്പെടെ പ്രതിരോധ കുത്തിവയ്പും മെഡിക്കല്‍ ക്യാമ്പുകളും നടത്താന്‍ വാഹനമില്ലാത്തതിനാല്‍ ജീവനക്കാര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പതിവായി നടന്നുവന്നിരുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ പലതും വാഹനങ്ങളുടെ കുറവു മൂലം മുടങ്ങിയിരിക്കുകയാണ്. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാതയതോടെ ഇവയുടെ ഡ്രൈവര്‍മാരെ എവിടെ പുനര്‍വിന്യസിക്കുമെന്ന കാര്യത്തിലും ആരോഗ്യവകുപ്പിന് വ്യക്തതയില്ല. നിലവില്‍ കരാറടിസ്ഥാനത്തില്‍ സ്വകാര്യ, ടാക്‌സി വാഹനങ്ങള്‍ വന്‍തുക വാടക നല്‍കിയാണ് ആരോഗ്യ വകുപ്പ് പലയിടത്തും പോയി സേവനം നല്‍കുന്നത്. ഇത്തരത്തില്‍ കരാറുകാരായ വാഹനമുടമകളും ചില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് പുതിയ വാഹനങ്ങള്‍ വകുപ്പിനു ലഭിക്കാന്‍ തടസമെന്നും പറയപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!