ChuttuvattomThodupuzha

റോഡിലെ കാഴ്ച്ച മറച്ച് വള്ളിപ്പടര്‍പ്പുകളും മരത്തിന്റെ ശിഖരങ്ങളും ; അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി പരാതി

മലങ്കര : പെരുമറ്റത്തിന് സമീപം പുഴയുടെ തീരത്ത് റോഡിന് വീതി കൂട്ടിയ ഭാഗത്ത് വള്ളിപ്പടര്‍പ്പുകളും മരത്തിന്റെ ശിഖരങ്ങളും വളര്‍ന്നത് റോഡിലെ കാഴ്ച്ച മറച്ച് അപകട സാധ്യത വര്‍ധിപ്പിക്കുന്നതായി പരാതി. റോഡിന്റെ ഇരു വശങ്ങളിലേയും സീബ്രാ ലൈനുകള്‍ കാണാത്ത വിധത്തിലാണ് വള്ളിപ്പടര്‍പ്പും പാഴ് മരത്തിന്റെ ശിഖരങ്ങളും റോഡിലേക്ക് വളര്‍ന്ന് പന്തലിച്ചിട്ടുള്ളത്. തൊടുപുഴ, മൂലമറ്റം, ഈരാറ്റുപേട്ട, പാല പ്രദേശങ്ങളിലേക്കുള്ള ചെറുതും വലുതുമായ അനേകം വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയോരത്താണ് ഇത്തരത്തില്‍ അപകട സാധ്യതയുള്ളത്. ഇരു വശങ്ങളില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് റോഡിലെ വിദൂര കാഴ്ച്ച കാണാന്‍ സാധിക്കാത്ത അവസ്ഥയാണിവിടെ.

റോഡിന്റെ വശങ്ങളിലെ വെള്ള വരകള്‍ പോലും കാണാന്‍ കഴിയാത്തതിനാല്‍ കാല്‍നട യാത്രക്കാരും ഭീതിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. വാഹനങ്ങള്‍ കടന്ന് വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് റോഡിന്റെ വശങ്ങളിലേക്ക് ഒതുങ്ങി നില്‍ക്കാന്‍ പോലും കഴിയാത്ത വിധമാണ് റോഡിലേക്ക് വള്ളിപ്പടര്‍പ്പും മറ്റും വളര്‍ന്നിരിക്കുന്നത്. ഇഞ്ചമുള്‍ച്ചെടിയുടെ ശിഖരങ്ങള്‍ മീറ്ററുകളോളം ദൂരത്തില്‍ റോഡിലേക്ക് വളര്‍ന്ന് പന്തലിച്ചത് ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഭീഷണിയാണ്. പുഴയിലേക്ക് മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതിനെ തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മുട്ടം പഞ്ചായത്തിന്റെ മുന്‍ ഭരണ സമിതി 4 ലക്ഷത്തോളം പണം മുടക്കി ഇവിടെ കമ്പി വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇഞ്ചമുള്‍ ചെടിയും വള്ളിപ്പടര്‍പ്പും വളര്‍ന്ന് കമ്പി വേലി പൗര്‍ണ്ണമായും നാശത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!