ChuttuvattomThodupuzha

കുടുംബക്കോടതിവിധി ലംഘനം : മാതാപിതാക്കളുടെയും സഹോദരന്റെയും സ്വത്ത് ജപ്തി ചെയ്തു

തൊടുപുഴ : കുടുംബക്കോടതി വിധി ലംഘിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും കട്ടപ്പന കുടുംബക്കോടതി ജപ്തി ചെയ്തു.രാജകുമാരി അങ്ങാടിയത്ത് ക്രിസ്റ്റി പോള്‍, പിതാവ് നെപ്പോളിയന്‍, അമ്മ അന്നമ്മ, സഹോദരന്‍ ഗെയ്‌സണ്‍ എന്നിവര്‍ക്കെതിരേയാണ് വിധി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരേ ഭാര്യ നേരത്തേ നല്‍കിയ കേസില്‍ കുടുംബവിഹിതമായി നല്‍കിയ തുകയ്ക്കു പുറമേ പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും, ജീവനാംശമായി പ്രതിമാസം 30,000 രൂപയും ഭാര്യക്ക് നല്‍കാന്‍ തൊടുപുഴ കുടുംബക്കോടതി ജഡ്ജി പി.എന്‍. സീത വിധിച്ചിരുന്നു.

എന്നാല്‍ വിധി പ്രകാരമുള്ള തുക നല്‍കാത്തതിനാല്‍ ഹര്‍ജിക്കാരി കട്ടപ്പന കുടുംബക്കോടതിയെ സമീപിച്ചു. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്ത് പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടത്. സഹോദരന്റെ പേരിലുള്ള കാര്‍ കട്ടപ്പന കുടുംബക്കോടതി ജഡ്ജി സുധീര്‍ ഡേവിഡിന്റെ ഉത്തരവിനെത്തുടര്‍ന്നു ജപ്തി ചെയ്ത് കോടതിയില്‍ എത്തിച്ചു. ഭര്‍ത്താവ് കാരണം കൂടാതെ ഉപേക്ഷിച്ചെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായി ഫേസ്ബുക്കിലൂടെയാണ് അറിഞ്ഞതെന്നും ഭാര്യ നേരത്തേ കോടതിയെ ബോധിപ്പിച്ചിരുന്നു. ഭര്‍ത്താവില്‍ നിന്നു കുടുംബവിഹിതവും നഷ്ടപരിഹാരവും ജീവനാംശവും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവ് രജിസ്ട്രാറെ തെറ്റിദ്ധരിപ്പിച്ച് രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തതിനും പീഡിപ്പിച്ചതിനുമെതിരേ ഭാര്യ തൊടുപുഴ പോലീസില്‍ നേരത്തേ കേസും നല്‍കിയിരുന്നു. ഭാര്യയ്ക്ക് ജീവനാംശം നല്‍കാത്തതിനാല്‍ തൊടുപുഴ കുടുംബക്കോടതിയില്‍ ഭര്‍ത്താവിനെതിരേ വാറണ്ടുമുണ്ട്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. ബിജു പറയന്നിലം കോടതിയില്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!