ChuttuvattomThodupuzha

മാലിന്യ നിര്‍മാര്‍ജനം: ശക്തമായ നീക്കവുമായി ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം

തൊടുപുഴ: സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതികളെ ഇല്ലാതാക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരേ ശക്തമായ നീക്കവുമായി ശുചിത്വമിഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം.മാലിന്യ നിര്‍മാര്‍ജനത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ചില മേഖലകളില്‍ ആവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അധികൃതര്‍ പറഞ്ഞു. സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ് എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമ്പോഴാണ് അതിനെയെല്ലാം തകര്‍ക്കുന്ന ഇടപെടലുകള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്.

മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ നിയമ വിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തി പിഴ അടപ്പിക്കല്‍, കോടതിക്കേസ് എന്നിങ്ങനെ നടപടികള്‍ സ്വീകരിച്ചാലും ചില മേഖലകളില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. ജില്ലയിലെ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിങ്ങനെ ഏതാനും ചില സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന പദ്ധതിയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ശുചിത്വ മിഷന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു. ഏതാനും മാസങ്ങളായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വിവിധ സ്ഥലങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനകളിലും റെയ്ഡിലും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ പിടികൂടിയിരുന്നു. ഇവര്‍ക്കെതിരേ പിഴ ഈടാക്കല്‍ ഉള്‍പ്പെടെ മറ്റ് നിയമ നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമ വ്യവസ്ഥകളെ വെല്ലു വിളിക്കുന്ന രീതിയില്‍ ഇവരില്‍ ചിലരെങ്കിലും മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

തദ്ദേശ സ്വയം ഭരണ വകുപ്പിലെ ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍, തദ്ദേശ സ്ഥാപന അധികൃതര്‍, പോലീസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ എന്നിങ്ങനെ ടീം അംഗങ്ങളുടെ നേതൃത്വത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!