Thodupuzha

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്;   10 പേര്‍ക്ക് ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം അനുവദിച്ചു

തൊടുപുഴ: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡി.വൈ.എഫ്.ഐ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് 2022 ജൂണ്‍ 14നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴ ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഇതിനിടെ മാര്‍ച്ച് അക്രമാസക്തമാകുകയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയുമായിരുന്നു. ഇതിനിടെ 15 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ബിലാല്‍ സമദിന്റെ ഇടത് കണ്ണ് ലാത്തിയടിയേറ്റ് തകരുകയും കാഴ്ച്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വാദിയായാണ് 10 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കൊടി കെട്ടാനുപയോഗിച്ച മര വടികൊണ്ട് അടിച്ചതിനെ തുടര്‍ന്ന് കൈവിരലിന് പരുക്കേറ്റു, തലയ്ക്കടിച്ച് വേദനയേല്‍പ്പിച്ചു, ഹെല്‍മറ്റിലേറ്റ അടി തെന്നി മാറി മൂക്കിലിടിച്ച് പരുക്കേറ്റു എന്നിവയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കുറ്റം. എന്നാല്‍ ഈ കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു. തൊടുപുഴ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സി ലീഗല്‍ എയ്ഡ് ചെയര്‍മാന്‍ അഡ്വ. വി.എ ചന്ദ്രശേഖരന്‍ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസ് ബദറുദ്ദീനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചത്. പോലീസ് മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ കേസിലും ബിലാലിന്റെ കാഴ്ച നഷ്ടപ്പെട്ടതായി സംബന്ധിച്ചുള്ള കേസിലും വാദം തുടരുകയാണ്.

Related Articles

Back to top button
error: Content is protected !!