ChuttuvattomThodupuzha

സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയ നിര്‍വൃതിയുമായി സീബ ജോയി

തൊടുപുഴ : വിശുദ്ധമായ അമ്പത് നോമ്പാചരണം നടക്കുന്ന ഇക്കാലയളവില്‍ അറക്കുളം മാങ്കോട്ടില്‍ സീബ ജോയിയെന്ന വിശ്വാസി ഏറെ സന്തോഷവതിയാണ്. സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തിയെഴുതിക്കൊണ്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ചെയ്തിരുന്ന ഒരു പുണ്യപ്രവൃത്തി പൂര്‍ണമാക്കാനായതിന്റെ ആത്മാഭിമാനവും ഒപ്പമുണ്ട്. തൊടുപുഴ ലൂണാറില്‍ ഫ്രണ്ട് ഓഫീസറാണ് സീബ ജോയി. മൂന്ന് വര്‍ഷം കൊണ്ട് 4852 പേജിലായാണ് സീബ ബൈബിള്‍ പകര്‍ത്തിയത്. ജോലി സമയം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് ഇതിനായി സമയം കണ്ടെത്തിയിരുന്നത്. ദിവസേന നാല് പേജോളം എഴുതിയിരുന്നു. സ്ഥിരമായി പ്രാര്‍ഥനയില്‍ നിന്നുരുത്തിരിഞ്ഞ ആശയമാണ് ബൈബിള്‍ പകര്‍ത്തിയെഴുതുന്നതിലേക്ക് എത്തിയത്. കൃത്യമായി പള്ളിയില്‍ പോകുമായിരുന്നു. ഇടയ്ക്കിടെ ബൈബിളിലെ ചില വചനങ്ങളും ഭാഗങ്ങളും വായിക്കുമായിരുന്നെങ്കിലും മുഴുവനായും വായിക്കണമെന്ന് തോന്നിയത് കോവിഡ് കാലഘട്ടത്തില്‍ കുടുതല്‍ സമയം വീട്ടിലിരുന്നപ്പോഴാണ്.

ഇതോടെ ബൈബിള്‍ വായിക്കാനാരംഭിച്ചു. ക്വാറന്റൈന്‍ കാലഘട്ടം കഴിഞ്ഞ് ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോഴും ബൈബിളെഴുത്ത് തുടര്‍ന്നു. ഓരോ പേജും വായിച്ച് പിന്നിയുമ്പോള്‍ തന്നെ ഒപ്പം എഴുതിയും പോയി. ഇത്തരത്തില്‍ മൂന്ന് വര്‍ഷം കൊണ്ടാണ് പുതിയ നിയമവും പഴയ നിയമവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ബൈബിള്‍ പൂര്‍ണമായും പകര്‍ത്തി എഴുതിയത്. കൈയെഴുത്ത് ബൈബിള്‍ ഇടവക പള്ളിയായ അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ സമര്‍പ്പിക്കാനാണ് സീബയും കുടുംബവും തീരുമാനിച്ചത്. ഡീ പോള്‍ സ്‌കൂള്‍ അധ്യാപകനായ ഭര്‍ത്താവ് ജോയി മാത്യുവും നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ മകള്‍ അനു തെരേസ ജോയിയും ഭര്‍തൃമാതാവ് വല്‍സമ്മ മാത്യുവും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പിന്തുണയുമായി തനിക്ക് ഒപ്പമുണ്ടായിരുന്നെന്ന് സീബ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!