ChuttuvattomThodupuzha

സഹജീവി സ്നേഹത്തണലില്‍ അഭിലാഷിന് സ്വപ്ന ഭവനം

തൊടുപുഴ : നിര്‍ധന രോഗിയുടെ കുടുംബത്തിനായി സുമനസുകളുടെ സഹായത്താല്‍ നിര്‍മ്മിച്ച സ്നേഹ വീടിന്റെ താക്കോല്‍ ദാനം നടത്തി. വഴിത്തല സ്വദേശി അഭിലാഷിനും കുടുംബത്തിനുമാണ് സ്നേഹം ചാരിറ്റബിള്‍ ഗ്രൂപ്പ് എന്ന പേരില്‍ തുടങ്ങിയ വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വപ്ന ഭവനം നിര്‍മ്മിച്ച് നല്‍കിയത്. ക്യാന്‍സര്‍ ബാധിച്ചതോടെ ഇനിയൊരു വീട് നിര്‍മ്മിക്കാനാവില്ലെന്ന നിരാശയിലായിരുന്നു അഭിലാഷ്. തന്റെ ഭാര്യക്കും കുട്ടിക്കും സുരക്ഷിതമായൊന്ന് അന്തിയുറങ്ങാന്‍ ഒരു വീടില്ലെന്ന വിഷമം അഭിലാഷ് തന്റെ സുഹൃത്തുക്കളായ ലിഗിന്‍ സൂര്യയോടും മനോജിനോടും പങ്കുവച്ചു. ഇവിടെ നിന്നാണ് അഭിലാഷിനായൊരു സ്നേഹ വീട് എന്ന ആശയമുണ്ടായത്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം മാര്‍ട്ടിന്‍ ജോസഫിന്റെയും അഭിലാഷിന്റെയും പേരില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങി. തുടര്‍ന്ന് സ്നേഹം ചാരിറ്റബിള്‍ ഗ്രൂപ്പ് എന്ന പേരില്‍ 850 ഓളം പേരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുമുണ്ടാക്കി.

തുടര്‍ന്ന് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമായി സുമനസുകളുടെ സഹായം ഒഴുകിയെത്തുകയും വീട് നിര്‍മ്മാണം ആരംഭിക്കുകയുമായിരുന്നെന്ന് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ ലിഗിന്‍ സൂര്യ പറഞ്ഞു. മൂന്ന് മാസം കൊണ്ട് 480 സ്‌ക്വയര്‍ ഫീറ്റില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. തുടര്‍ന്ന് വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് സുനി സാബു അഭിലാഷിന്റെ കുടുംബത്തിന് താക്കോല്‍ കൈമാറി. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എ.കെ ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ്, പഞ്ചായത്തംഗം ആന്‍സി ജോജോ എന്നിവരും സ്നേഹം ചാരിറ്റബിള്‍ ഗ്രൂപ്പ് അംഗങ്ങളും പ്രദേശവാസികളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!