AccidentChuttuvattomThodupuzha

വാഴക്കുളത്ത് സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം

വാഴക്കുളം: വാഴക്കുളം ടൗണില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാറുകളിലും കടയിലും ഇടിച്ചു കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ വൈകുന്നേരം ആറരയോടെ വാഴക്കുളം സെന്റ് ജോര്‍ജ് ആശുപത്രിക്കു മുന്നിലായിരുന്നു അപകടം മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന അബില്‍ മോന്‍ ബസാണ് അപകടത്തിനിടയാക്കിയത്. അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന ആവോലി സ്വദേശിയുടെ റിറ്റ്‌സ് കാറിലും ചീനിക്കുഴി സ്വദേശിയുടെ സെലെറിയോ കാറിലും തുടര്‍ന്ന് ടെലിഫോണ്‍ പോസ്റ്റിലും ഇടിച്ച ബസ് തൊട്ടടുത്ത കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇരു കാറുകളിലേയും യാത്രക്കാര്‍ സമീപത്തു തന്നെ വാഹനം ഒതുക്കി ഇവിടെയുള്ള ഹോട്ടലില്‍ കയറിയതായിരുന്നു. കാറുകളിലും നടപ്പാതയിലും കടകളുടെ മുന്‍വശത്തും ആളുകളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് ഇടിച്ചു കയറിയ ലഘുഭക്ഷണശാല, പൂക്കട എന്നിവയുടെ മുകള്‍ നില ഇടിഞ്ഞ് വീഴാവുന്ന നിലയില്‍ അപകടാവസ്ഥയിലാണ്. അപകടത്തിനിടയാക്കിയ ബസ് അമിത വേഗതയിലായിരുന്നതായും കല്ലൂര്‍ക്കാട് കവലയില്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും ബസ് യാത്രക്കാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് തൊട്ടടുത്തുള്ള മറ്റൊരു ടെലിഫോണ്‍ പോസ്റ്റ് ലോറി ഇടിച്ച് സമീപത്തുള്ള വ്യാപാരശാലയുടെ മുകളിലേക്ക് ചരിഞ്ഞു വീണിട്ടുമുണ്ട്.

Related Articles

Back to top button
error: Content is protected !!