ChuttuvattomThodupuzha

കാഡ്‌സിന്റെ നേതൃത്വത്തില്‍ വീട്ടില്‍ ഒരു ഇളനീര്‍ തെങ്ങ് പദ്ധതി നടപ്പാക്കുന്നു

തൊടുപുഴ : ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായകമായ ഇളനീരിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് കാഡ്‌സിന്റെ നേതൃത്വത്തില്‍ വീട്ടില്‍ ഒരു ഇളനീര്‍ തെങ്ങ് പദ്ധതി നടപ്പാക്കുന്നു. അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തൊടുപുഴ നഗരസഭയിലെ ആയിരം വീടുകളാണ് തെരഞ്ഞെടുക്കുന്നത്. നാളികേര വികസന ബോര്‍ഡില്‍ നിന്നും വികസിപ്പിച്ചെടുത്ത അത്യുല്‍പാദനശേഷിയും രോഗപ്രതിരോധശേഷിയും ഉള്ള സങ്കരയിനം തെങ്ങിന്‍ തൈകളാണ് തെരഞ്ഞെടുക്കുന്ന ആയിരം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. മൂന്നുവര്‍ഷംകൊണ്ട് ഫലം ലഭിക്കുന്ന 150 രൂപ വിലയുള്ള തെങ്ങിന്‍ തൈകള്‍ പൂര്‍ണ്ണമായും സൗജന്യമായാണ് നല്‍കുന്നത്.

രോഗികള്‍ക്ക് ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി കൂട്ടാനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത് ഇളനീരാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ വില്‍പ്പനയ്ക്കായെത്തുന്നത് മറുനാട്ടില്‍നിന്നും മാരക കീടനാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്ത കരിക്കാണ്. ഇത് ഗുണത്തേക്കാള്‍ ഏറെ വലിയ ദോഷം ചെയ്യുന്നു. ഇതിന് ശാശ്വതവും പ്രായോഗികവുമായ പരിഹാരം എന്ന നിലയ്ക്കാണ് അഞ്ചുവര്‍ഷം കൊണ്ട് 10000 തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ നടത്തിപ്പിലൂടെ തൊടുപുഴ നഗരസഭയെ സമ്പൂര്‍ണ്ണ ഇളനീര്‍ ലഭ്യ നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാനാകും. വീട്ടില്‍ ഒരു ഇളനീര്‍ തെങ്ങ് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് പ്രകാരം ആദ്യവര്‍ഷം 1000 , രണ്ടാം വര്‍ഷം 1500 , മൂന്നാം വര്‍ഷം 2000 , നാലാം വര്‍ഷം 2500 , അഞ്ചാം വര്‍ഷം 3000 എന്നിങ്ങനെയാണ് തൈകള്‍ സൗജന്യ വിതരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

നഗരാതിര്‍ത്തിക്കുള്ളില്‍ 10000 വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത് . തൈ നടുന്നതിനോടൊപ്പം പരിപാലന മുറകളും കീടങ്ങളില്‍ നിന്നുള്ള സംരക്ഷണം നേടുന്നതിനുള്ള ഉപാധികളും കര്‍ഷകര്‍ക്ക് നല്‍കും. സമയാസമയങ്ങളില്‍ തെങ്ങിന്റെ വളര്‍ച്ചയ്ക്കും മറ്റു മാറ്റങ്ങളും പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും ഇതിനോടൊപ്പം ഉണ്ടാകും. പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ സമ്പൂര്‍ണ്ണ ഇളനീര്‍ ലഭ്യ നഗരം എന്ന നിലയില്‍ എത്തിച്ചേരുന്ന ആദ്യത്തെ നഗരമാകും തൊടുപുഴ നഗരസഭ. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന അംഗങ്ങള്‍ 7907139152 എന്ന വാട്‌സ്ആപ്പ് നമ്പരിലേക്ക് പേര്, വിലാസം, വീട് നമ്പര്‍,വാര്‍ഡ് നമ്പര്‍ എന്നി വിവരങ്ങള്‍ അയക്കേണ്ടതാണ്. തൈകളുടെ വിതരണം മേട മാസത്തിലെ പത്താമുദയത്തോടനുബന്ധിച്ചായിരിക്കുമെന്ന് കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!