AccidentThodupuzha

നിയന്ത്രണം വിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; യാത്രക്കാര്‍ക്ക് ഗുരുതരപരിക്ക്

തൊടുപുഴ: നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാരവനിലും ഇടിച്ച് കയറി. അപകടത്തില്‍ ഓട്ടോറിക്ഷകളിലെ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തൊടുപുഴ – മൂവാറ്റുപുഴ റൂട്ടിലെ വെങ്ങല്ലൂരിന് സമീപമായിരുന്നു അപകടം. പാലായിലെ ജോലി സ്ഥലത്ത് സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ കദളിക്കാട് സ്വദേശി ജിബിന്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ജില്ലാ അതിര്‍ത്തിയിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ എതിര്‍ദിശയില്‍ വന്ന രണ്ട് ഓട്ടോറിക്ഷകളിലേക്കും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാരവാനിലേക്കും ഇടിച്ച് കയറുകയായിരുന്നു. കാറും ഓട്ടോറിക്ഷകളും റോഡില്‍ വട്ടം മറിഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയവര്‍  പരിക്കേറ്റവരെ വെങ്ങല്ലൂരിലേയും തൊടുപുഴയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂന്ന് വാഹനങ്ങളുടേയും ചില്ലും മറ്റ് ഭാഗങ്ങളും തകര്‍ന്ന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. അപടത്തില്‍പ്പെട്ട വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡിലാകെ നിറഞ്ഞതോടെ ഏറെ സമയം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. സംഭവമറിഞ്ഞ് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിന് ശേഷം റോഡിലെ ചില്ലും മറ്റ് അവശിഷ്ടങ്ങളും അഗ്നിരക്ഷാസേന കഴുകി നീക്കി. കണ്ണിലേക്ക് ശക്തമായ സൂര്യപ്രകാശമടിച്ച് കാഴ്ച മറഞ്ഞതോടെ വാഹനം നിയന്ത്രിക്കാനായില്ലെന്ന് കാര്‍ ഡ്രൈവര്‍ ജിബിന്‍ പറഞ്ഞു. എന്നാല്‍ അപകടമുണ്ടായ സ്ഥലത്ത് തെറ്റായ ഭാഗത്ത് കാരവാന്‍ പാര്‍ക്ക് ചെയ്തതിനാല്‍ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ നിന്നും വെട്ടിച്ച് മാറ്റാനാവാതെ വന്നത് അപകടത്തിന്റെ ആക്കം കൂട്ടിയതായി സ്ഥലത്തുണ്ടായിരുന്നവര്‍ ആരോപിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ കാരവാന്‍ സ്ഥലത്ത് നിന്നും നീക്കിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!