ChuttuvattomThodupuzha

സിപിഎം മുന്‍ കൗണ്‍സിലര്‍ അതിക്രമം കാട്ടിയെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതി : പരാതി പോലീസിന് കൈമാറാതെ നഗരസഭാ സെക്രട്ടറി

തൊടുപുഴ: നഗരസഭാ ഓഫീസിനുള്ളില്‍ സിപിഎം മുന്‍ കൗണ്‍സിലര്‍ അതിക്രമം കാട്ടിയെന്ന അസിസ്റ്റന്റ് എഞ്ചിനീയറുടെ രേഖാ മൂലമുള്ള പരാതി നഗരസഭാ സെക്രട്ടറി പോലീസിന് കൈമാറിയില്ല. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. 31-ാം വാര്‍ഡില്‍ മിച്ചം വന്ന ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് കൗണ്‍സിലറുടെ വാദം അംഗീകരിക്കാന്‍ എ.ഇ തയ്യാറായില്ല. ഇതേച്ചൊല്ലി തര്‍ക്കം ഉണ്ടാകുകയും ഇതിനിടെ കൗണ്‍സിലര്‍ മുന്‍ കൗണ്‍സിലര്‍മാരായ സിപിഎം നേതാക്കളെ വിളിച്ച് വരുത്തി തന്നെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.ടി അജിയുടെ പരാതി.

സെക്രട്ടറിക്ക് ലഭിച്ച കീഴ് ഉദ്യോഗസ്ഥന്റെ പരാതി പിന്‍വലിക്കാത്ത പക്ഷം മൂന്ന് ദിവസത്തിനുള്ളില്‍ പോലീസിന് കൈമാറണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് എഞ്ചിനീയറിംഗ് വിഭാഗം തിങ്കളാഴ്ച നടത്തിയ പണി മുടക്ക് മുന്‍ കൗണ്‍സിലര്‍മാര്‍ ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ എ.ഇ ഇതുവരെ തയ്യാറായിട്ടില്ല. നിയമപ്രകാരം സെക്രട്ടറിക്ക് ലഭിച്ച പരാതി പോലീസിന് കൈമാറുന്നില്ലെങ്കില്‍ താന്‍ നേരിട്ട് പോലീസിന് പരാതി നല്‍കുമെന്ന നിലപാടിലാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍. സംഭവം വിവാദമായിട്ടും
അസിസ്റ്റന്റ് എഞ്ചിനീയറെ പിന്തുണക്കാനോ അതിക്രമത്തെ അപലപിക്കാനോ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരും തയ്യാറാകാത്തതും ശ്രദ്ധേയമായി.

നഗരസഭാ ഓഫീസില്‍ അതിക്രമം കാട്ടിയിട്ടില്ലെന്ന് സിപിഎം നേതൃത്വം പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി നഗരസഭയിലെ വികസ പ്രവര്‍ത്തനങ്ങള്‍ അസി. എഞ്ചിനീയര്‍ തുടര്‍ച്ചയായി തടസപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം നഗരസഭയിലെ 31-ാം വാര്‍ഡിലും സമാന സംഭവമുണ്ടായി. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഫണ്ട് ചിലവഴിക്കാന്‍ അനുവദിക്കുന്നില്ലെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരും കൂടി ചേര്‍ന്ന് നഗരസഭയിലെത്തുകയും വികസനം തടസപ്പെടുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും അസിസ്റ്റന്റ് എഞ്ചിനീയറോട് ആവശ്യപ്പെടുകയുമാണ് ചെയ്തത്. നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ പോലും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുന്നതാണ് എ.ഇയുടെ രീതി. നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തപ്പോഴും എല്ലാവരും എ.ഇ യുടെ നടപടിക്കെതിരായാണ് സംസാരിച്ചത്. ഇക്കാര്യങ്ങള്‍ പറയുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയാണ് ചെയ്തതെന്നും അതിക്രമമോ മറ്റ് കയ്യേറ്റമോ ഒന്നും ഉണ്ടായില്ലെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പോലും അസിസ്റ്റന്റ് എഞ്ചിനീയറെ പിന്തുണക്കാന്‍ തയ്യാറായിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

 

Related Articles

Back to top button
error: Content is protected !!