ChuttuvattomThodupuzha

പൗരത്വ നിയമം : ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി

തൊടുപുഴ : പൗരത്വ നിയമം അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യതാത്പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് ജോയ്‌സ് ജോര്‍ജ് പറഞ്ഞു. വര്‍ഗീയ അജണ്ടകളെ ചെറുക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കേണ്ടത് രാജ്യ നിലനില്‍പ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് മങ്ങാട്ടുകവലയില്‍ സമാപിച്ചു. ഇന്നലെ കുട്ടമ്പുഴ, പൂയംകുട്ടി മേഖലകളിലായിരുന്നു ജോയ്‌സിന്റെ പര്യടനം. ജീപ്പില്‍ യാത്ര ചെയ്താണ് ഉള്‍നാടന്‍ കുടികളില്‍ വരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എത്തിയത്. ഗോത്ര ജനവിഭാഗങ്ങളും ഗ്രാമവാസികളും ആവേശപൂര്‍വം സ്ഥാനാര്‍ത്ഥിയെ വരവേറ്റു. ചിലയിടങ്ങളില്‍ വള്ളത്തിലായിരുന്നു യാത്ര. രാവിലെ വടാട്ടുപാറയിലെ മീരാന്‍സിറ്റിയില്‍ നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം.

പലവന്‍പടി, മര്‍ത്തോമ്മസിറ്റി, സ്‌കൂള്‍പടി, പോസ്റ്റോഫീസ് കവല,കുട്ടമ്പുഴയിലെ ഗോത്ര ഊരുകളായ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവെച്ചപ്പാറ എന്നിവിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്തി. കുഞ്ചിപ്പാറയിലും തലവെച്ചപ്പാറയിലും തങ്കപ്പാട്ടി, ചിന്നപ്പാട്ടി, കുപ്പമ്മാള്‍, ഏരിയമ്മ തുടങ്ങിയ കുടിയിലെ മുതിര്‍ന്ന പാട്ടിമാര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു.പിന്നീട് മണികണ്ഠംചാല്‍, വെള്ളാരംകുന്ന് എന്നിവിടങ്ങളിലും സമ്മദിദായകരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!